ഒളിമ്പിക് പാത്ത് പദ്ധതിയിലൂടെ 2036 ഒളിംപിക്സിൽ 250 കായിക താരങ്ങളെ പങ്കെടുപ്പിക്കും: മന്ത്രി വി.അബ്ദുറഹിമാൻ
ഒളിമ്പിക് പാത്ത് എന്ന പദ്ധതിയിലൂടെ 2036 ഒളിമ്പിക്സിൽ 250 കായികതാരങ്ങളെ പങ്കെടുപ്പിക്കാനുള്ള തീവ്ര പദ്ധതി കായിക വകുപ്പ് തയ്യാറാക്കിവരികയാണെന്ന് മന്ത്രി വി.അബ്‌ദുറഹിമാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ സംസ്ഥാന കായിക യുവജന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്പോർട്‌സ് കിറ്റിൻ്റെ വിതരണം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാദേശിക താളം മുതൽ 5000 കുട്ടികളെ വിവിധ കായിക മേഖലകളിൽ നിന്ന് കണ്ടെത്തി പരിശീലനം നൽകും. ദേശീയ ഗെയിംസ്, ഏഷ്യൻ ഗെയിംസ് കോമൺ വെൽത്ത് ഗെയിംസ് എന്നിങ്ങനെ വിവിധ കായിക മേളകളിൽ ഇവരെ പങ്കെടുപ്പിക്കുകയും ഏറ്റവും മികച്ച 250 കായിക താരങ്ങളെ ഒളിംപിക്സിൽ പങ്കെടുപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ കായിക വകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ കായികമേഖലയുടെ അടിസ്ഥാനപരമായ പരിഷകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അതിനായി സർക്കാർ പഞ്ചായത്ത് തലം മുതൽ കായിക പരിശീലനവും പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അഞ്ചു വീതം സ്പോർട്‌സ് കോച്ചുമാരെ നിയമിക്കുന്നതിനുള്ള പദ്ധതി സർക്കാർ തയ്യാറാക്കി. ഇതിലൂടെ കായിക മേഖലയിൽ കുറഞ്ഞത് 5000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകും കൂടാതെ പ്രാദേശിക തലം മുതൽ കുട്ടികളുടെ കായിക അഭിരുചി തിരിച്ചറിഞ്ഞ് പരിശീലനം നൽകി അവരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാകും.
ജി.വി. രാജ സ്പോർട്‌സ് സ്കൂൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണ്. കൂടാതെ കായികതാരങ്ങൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും ചെയ്‌തു. ഇതിലൂടെ കായിക പരിശീലനത്തിനിടയിൽ ഉണ്ടാകുന്ന പരിക്കുകൾ വിദേശരാജ്യങ്ങളിൽ പോയി ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
സംസ്ഥാനത്തൊട്ടാകെ 26 സിന്തറ്റിക് ട്രാക്കുകൾ നിർമ്മിച്ചു. 36 ചെറു സ്റ്റേഡിയങ്ങൾ, 100 വിദ്യാലയങ്ങളിൽ കളിക്കളങ്ങൾ, ഒരുപഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലൂടെ 160 കളിക്കളങ്ങൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വികസനം സർക്കാർ നടപ്പാക്കി. ഇത്തരത്തിൽ മികച്ച കായിക പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് കേരള സ്റ്റേറ്റ് സ്പോർട്സ് ഡയറക്‌ടറേറ്റ് ആൻഡ് പ്ലാനിങ് ബോർഡിലൂടെ നടപ്പാക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. ഇതിലൂടെ കായിക മേഖലയുടെ വളർച്ചക്കൊപ്പം സംസ്ഥാനത്തിൻ്റെ ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായി പ്രാദേശിക സ്പോർട്സ് ക്ലബുകളെ വളർത്തിക്കൊണ്ടു വരാനും കഴിയും. ഇവക്ക് ആരോഗ്യപരമായ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എ. കെ. ഷെരീഫ്, ഡോ. പി. പി. ബിനീഷ്, പി. നാരായണൻ കുട്ടി, പി. വി. സിറാജുദ്ദീൻ, ആൻ്റണി സെബാസ്റ്റ്യൻ, പി. സി. ആസിഫ്, സൗപർണിക രമേശ് എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കായിക സാധ്യതകൾ എന്ന വിഷയത്തിൽ കില ഫാക്കൽറ്റി പി.വി.രത്നാകരൻ ക്ലാസ്സെടുത്തു. ദേശീയ മെഡൽ ജേതാക്കളെ ആദരിച്ചു.
ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. എം. അഖിൽ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. സോനാ ജയറാം, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. സി. ലേഖ, നോർത്ത് റീജിയൺ ഡി.ഡി ടി.അനീഷ്, ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എ.വി. പ്രദീപൻ, മുൻ പ്രസിഡന്റ് കെ.കെ.പവിത്രൻ മാസ്റ്റർ, എം. നിക്കോളാസ് എന്നിവർ സംസാരിച്ചു
