ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനപൂർവ്വം സൃഷ്‌ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡിജിസിഎയുടെ വീഴ്‌ചയും പരിശോധിക്കുമെന്നും താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും മന്ത്രി പറഞ്ഞു. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്‌തതിന് പിന്നാലെയാണ് ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
നിലവിൽ വിമാനസർവീസുകൾ സാധാരണനിലയിലായെന്നും പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഇൻഡിഗോ അവകാശപ്പെട്ടെങ്കിലും രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. അതേ സമയം ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മുന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ. എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ ഇന്ന് സമർപ്പിക്കും. അതിനിടെ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങൾ, ജോലി സമ്മർദം തുടങ്ങിയ ആശങ്കകൾ പാർലമെന്ററി കമ്മിറ്റിയെ അറിയിക്കും
