സംസ്ഥാന സർക്കാർ സംഘപരിവാറിന് പൂർണമായും കീഴടങ്ങി: കെ.ടി ജലീൽ
പൊഴുതന: യുഡിഎഫ് സർക്കാർ സംഘപരിവാറിന് പൂർണമായും കീഴടങ്ങിയെന്ന് കെ ടി ജലീൽ പറഞ്ഞു. സിപിഐഎം നേതൃത്വത്തിൽ പൊഴുതനയിൽ സംഘടിപ്പിച്ച കുട്ടിപ്പ അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന് ഭരണത്തിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് സംസ്ഥാനം ഭരിച്ചപ്പോൾ വന്ദേമാതരും പൂർണമായി പാടുന്നത് ആരെങ്കിലും കേട്ടിരുന്നോ ? മൂന്നുമാസംകൊണ്ട് കേരളം കേൾക്കാത്തത് കേട്ടുതുടങ്ങി. വി ഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടി. അതൊരു ചൂണ്ടുപലകയായിരുന്നു. ഓണഘോഷ പരിപാടിയിലും ഇത് ആവർത്തിച്ചു. ഉപരാഷ്ട്രപതിയെകൊണ്ടുവന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്യിപ്പിച്ചപ്പോൾ മുസ്ലീം ലീഗിന്റെ ഒറ്റമന്ത്രിമാരെയും പങ്കെടുപ്പിച്ചില്ല.
നാട്ടിലെ മുസ്ലീം കുടുംബ ഗ്രൂപ്പുകളിൽ മുഴുവൻ വിഷം തുപ്പിയ മുസ്ലീം ലീഗുകാരുടെ നാവ് ഇപ്പോൾ ഇറങ്ങിപ്പോയോ ? സമീപകാലത്ത് മുസ്ലീം ലീഗുകാർ തനിവർഗീയ വാദികളായി മാറി. സത്യത്തിൽ ഒരു ‘മുസ്ലീം ലീഗ് ബിജെപി’യാണിന്ന് ലീഗ്. എനിക്കത് പറയാൻ വിഷമമുണ്ട്. പക്ഷേ പറയുകയ്യല്ലാതെ നിവൃത്തിയില്ല. ബിജെപിയും മുസ്ലീം ലീഗും തമ്മിൽ എന്ത് വ്യത്യാസം ? ബിജെപി ഹിന്ദുക്കൾക്കിടയിൽ കള്ള പ്രചാരണം നടത്തുന്നു. അവരെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുന്നു. മുസ്ലീങ്ങൾക്കിടയിൽ വർഗീയത പ്രചരിപ്പിക്കുന്നു മുസ്ലീം ലീഗ്. ബിജെപിയും ലീഗും നാണയത്തിന്റെ രണ്ടുവശങ്ങളായി മാറി. 10 വർഷം ഭരണം കിട്ടാതിരുന്നപ്പോൾ ഏറ്റവും നല്ല ആയുധം വർഗീയതായണെന്ന് മനസിലാക്കി മുസ്ലീങ്ങളെ മുഴുവൻ ലീഗ് വർഗീയമായി ഇളക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി വിനോദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ സെക്രട്ടറിയറ്റംഗം പി ഗഗാറിൻ, വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ്, വി ഉഷകുമാരി, എം സെയ്ത്, ജോബിസൺ ജെയിംസ്, എൻ സി പ്രസാദ് സി എച്ച് മമ്മി, എം ജനാർദനൻ, കെ ജറീഷ്, കെ എസ് ഹരിശങ്കർ എന്നിവർ സംസാരിച്ചു.
കെ വി ഗിരീഷ് സ്വാഗതവും സി കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
