രാജ്യത്ത് എസ്ഐആര്‍ മൂന്നാംഘട്ടം പ്രഖ്യാപിച്ചു; 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഹിമാചല്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒഴികെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് മൂന്നാംഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുക.
നിലവില്‍ രാജ്യത്ത് നടക്കുന്ന സെന്‍സസ് ഹൗസ് ലിസ്റ്റിങ് നടപടിക്കൊപ്പമാണ് വോട്ടര്‍ പട്ടിക പുതുക്കലും നടക്കുക. ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇതിന്റെ ഭാഗമാവും. വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. 36.73 കോടി വോട്ടര്‍മാരിലേക്കെത്തിയാണ് വോട്ടര്‍പട്ടിക പരിഷ്കരണം നടപ്പാക്കുക.
ഹിമാചല്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ എസ്ഐആര്‍ പ്രത്യേക ഘട്ടമായി പിന്നീട് നടത്തും. ഭൂപ്രകൃതിയും നിലവിലെ കാലാവസ്ഥയും പരിഗണിച്ചാണ് ഇവിടെ പിന്നീടേക്ക് മാറ്റിയത്.
എസ്ഐആര്‍ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഹാറിലാണ് നടത്തിയത്. വന്‍തോതില്‍ വോട്ടര്‍മാരെ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കോടതി കയറിയിരുന്നു നടപടികള്‍. കണക്കെടുപ്പിലൂടെ 47 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആര്‍ പൂര്‍ത്തിയാക്കിയത്. യുപിയില്‍ 2.04 കോടി പേരും പശ്ചിമ ബംഗാളില്‍ 83.86 ലക്ഷം പേരും പട്ടികയില്‍ നിന്ന് ഒഴിവായിരുന്നു.
വോട്ടര്‍മാരെ വ്യാപകമായി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ എസ്ഐആറുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്. അതേസമയം, അര്‍ഹരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.
