തെരഞ്ഞെടുപ്പ് കേസുകൾ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പാക്കണം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കോടതികൾ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി. പുതിയ തെളിവുകൾ കണ്ടെത്തുന്നത് വരെ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഹരിയാനയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം. 2022 നവംബറിൽ പാനിപ്പത്തിലെ ഖലീല മജ്റ ഗ്രാമപഞ്ചായത്തിൽ നടന്ന സർപഞ്ച് തിരഞ്ഞെടുപ്പിലെ തർക്കമാണ് കേസിന് ആധാരം.
തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർത്ഥികൾക്കും 302 വോട്ടുകൾ വീതം ലഭിക്കുകയും നറുക്കെടുപ്പിലൂടെ ഒരാളെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള ഹർജിയിൽ വിദഗ്‌ധ തെളിവുകൾ ശേഖരിക്കാനായി കേസ് കീഴ്ക്കോടതിയിലേക്ക് തിരിച്ചയച്ച ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമർശിച്ചു.
ഹർജിയിൽ കക്ഷികൾ ഹാജരാക്കിയ രേഖകളും ലഭ്യമായ വസ്തുതകളും പരിശോധിച്ചാണ് കോടതികൾ തീരുമാനമെടുക്കേണ്ടത്. കക്ഷികൾ ഉന്നയിക്കാത്ത കാര്യങ്ങളിൽ വിദഗ്‌ധ തെളിവുകളോ സാക്ഷികളെയോ വിളിച്ചുവരുത്താൻ ഹൈക്കോടതി നിർദ്ദേശിക്കരുതായിരുന്നു. ലഭ്യമായ തെളിവുകൾ വെച്ച് കേസ് തീർപ്പാക്കുന്നതിന് പകരം അനാവശ്യമായ അന്വേഷണങ്ങൾക്ക് ഉത്തരവിടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
