Event More NewsFeature NewsUncategorized

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ എട്ടുകോടി രൂപ കമ്മിഷൻ കൂടി ചേർത്ത തുകയാണെന്ന് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ എട്ടുകോടി രൂപ കമ്മിഷൻ കൂടി ചേർത്ത തുകയാണെന്ന് രമേശ് ചെന്നിത്തലതിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷൻ കൂടി ചേർത്ത തുകയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ചെലവിന്റെ വിശദാംശങ്ങൾ അടിയന്തിരമായി പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു. ഇത്ര ഭീമമായ തുക ഒറ്റദിവസം കൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ എന്നും ചെന്നിത്തല ചോദിച്ചു.

ചെലവായി എന്ന് പറയപ്പെടുന്ന തുക ഏതൊക്കെ ഇനത്തിലാണ് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ പണത്തിന്റെ ഭൂരിപക്ഷവും വേണ്ടപ്പെട്ടവർക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷൻ സർക്കാരാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോൺസർമാരിൽ നിന്നും കണ്ടെത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ സ്‌പോൺസർമാരിൽ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്‌പോൺസർമാരാണ് പണം നൽകിയതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എട്ടു കോടിയിൽ നാലു കോടിയോളം രൂപ പദ്ധതി നടത്തിപ്പിന്റെ ബിൽ ഇനത്തിൽ മാറിയിട്ടുണ്ട്. ഈ പണം പോയിരിക്കുന്നത് ദേവസ്വം ബോർഡിന്റെ വർക്കിങ് ഫണ്ടിൽ നിന്നാണ്. സ്‌പോൺസർമാർ തുക നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. 

കോട്ടയത്തെയും കുമരകത്തെയും നക്ഷത്ര ഹോട്ടലുകൾ പരിപാടിക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നു. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാൻസ് ഈ ഹോട്ടലുകൾക്ക് നൽകിയത് മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച വിവിഐപി അതിഥികൾ എന്നും ചെന്നിത്തല ചോദിച്ചു. വിദേശത്തു നിന്നും വൻതോതിൽ പ്രതിനിധികൾ എത്തുമെന്നായിരുന്നു സർക്കാർ അവകാശവാദമെങ്കിലും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികൾക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്യമായി പങ്കാളിത്തം ഇല്ലാതെ, ഒഴിഞ്ഞ കസേരയ്ക്കു മുന്നിൽ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സർക്കാർ വ്യക്തമാക്കിയേ പറ്റു. ഇതിൽ കമ്മിഷൻ പറ്റിയവരുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *