ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; സൈന്യത്തിന്റെ സംരക്ഷണയിൽ എന്ന് ബന്ധുക്കളെ അറിയിച്ചു
ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ. സൈന്യത്തിന്റെ സംരക്ഷണയിൽ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റർ അകലെയാണ് മലയാളികൾ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡിൽ കുടുങ്ങിയ രാമചന്ദ്രൻ നായരുടെ മകൻ രോഹിത് ആണ് ഇക്കാര്യം അറിയിച്ചത്.
ഒന്നാം തിയതി മുംബൈയിൽ നിന്ന് ഡൽഹി വരെ ട്രെയിനിനാണ് സംഘം യാത്ര പോയത്. അവിടെ നിന്നാണ് 28 പേർ ചേർന്ന് ചാർദാം യാത്ര തുടങ്ങിയത്. വിവരമറിഞ്ഞ് ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇന്നലെ രാവിലെ അവിടുത്തെ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സംഘം സുരക്ഷിതരാണെന്നും ഗംഗോത്രി എന്ന സ്ഥലത്താണ് ഉള്ളതെന്നും അറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അവിടെ നിന്ന് കിട്ടുമെന്നും പറഞ്ഞു. അവരോട് വീഡിയോ കോളിലും സംസാരിക്കാൻ സാധിച്ചുവെന്നും രോഹിത് വ്യക്തമാക്കി. മേഘ വിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റർ അകലെയാണ് മലയാളികൾ ഇപ്പോൾ.
അതേസമയം, ധരാലിയിൽ രക്ഷാ ദൗത്യം ഇന്നും തുടരുന്നു. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി നിഗമനം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. എൻഡിആർഎഫ്, ഐടിബിപി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. രക്ഷാപ്രവർത്തനവും സ്ഥിതിഗതികളും വിലയിരുത്തി. ദുരന്തത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഒരുമിച്ച് ദുരന്തത്തെ മറികടക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുന്നിടിഞ്ഞ് വീണതിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.