പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡ് ബസുകള്‍ക്കോ അതോ സ്വകാര്യ വാഹനങ്ങള്‍ക്കോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡിന്റെ ഭൂരിഭാഗം സ്ഥലവും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗിനായി മാറ്റിവെച്ച പഞ്ചായത്ത് നടപടിക്കെതിരെ ബസ് ജീവനക്കാരും ഉടമകളും പ്രതിഷേധത്തില്‍. ഇനി മുതല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പുറത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു.ഏറെ നാളായി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് മതിയായ സൗകര്യം ലഭ്യമല്ലാത്തതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ബസ് സ്റ്റാന്‍ഡിന്റെ പകുതിയിലധികം ഭാഗം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി പഞ്ചായത്ത് നീക്കിവെച്ചതോടെ നിരവധി ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഇത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ബസ് ജീവനക്കാരും ഉടമകളും പഞ്ചായത്തിലും പടിഞ്ഞാറത്തറ പോലീസിലും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധസൂചകമായി ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ പുറത്ത് നിര്‍ത്തി സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറ്റാതെ തുടരുമെന്ന് തൊഴിലാളി യൂണിയന് വ്യക്തമാക്കി. പഞ്ചായത്തും അധികൃതരും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെട്ട് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം