Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭൗമ നീരീക്ഷണത്തിന് ഇന്ത്യ-യുഎസ് കൂട്ടുകെട്ട് – നിസാര്‍ വിക്ഷേപണം ഇന്ന് വൈകീട്ട്

ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകീട്ട് 5.40 ന് വിക്ഷേപിക്കും.

ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) പ്രധാന ദൗത്യം. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. 150 കോടി ഡോളറാണ് ചെലവ്. ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റിലാണ് വിക്ഷേപണം. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക.
സവിശേഷതകള്‍
നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. ഇരട്ട ഫ്രീക്വന്‍സിയുള്ള സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാറിലൂടെ ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. നാസയുടെ ദീര്‍ഘ തരംഗദൈര്‍ഘ്യമുള്ള റഡാറും ഐഎസ്ആര്‍ഒയുടെ ഹ്രസ്വതരംഗ ദൈര്‍ഘ്യമുള്ള റഡാറും ചേര്‍ന്നതാണിത്. ഭൗമോപരിതലത്തിലെ ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഇതിന് കഴിയും.
ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹം 12 ദിവസത്തെ ഇടവേളകളില്‍ ഭൗമോപരിതലത്തിലെ വിവരങ്ങള്‍ കൈമാറും. എല്ലാ കാലാവസ്ഥയിലും രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ വിവരങ്ങള്‍ ശേഖരിക്കും. ഭൗമോപരിതലത്തിലെ സൂക്ഷ്മമാറ്റങ്ങളടക്കം കണ്ടെത്താനാവും.
മണ്ണിനുമുകളിലെ രൂപമാറ്റം, മഞ്ഞുപാളികളുടെയും സസ്യജാലങ്ങളുടെയും ചലനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരീക്ഷിക്കും. കടലിലെ മഞ്ഞിന്റെ വര്‍ഗീകരണം, കപ്പലുകളെ തിരിച്ചറിയല്‍, തീരദേശങ്ങളെ നിരീക്ഷിക്കല്‍, കൊടുങ്കാറ്റിന്റെ സ്വഭാവമറിയല്‍, മണ്ണിലെ ഈര്‍പ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കല്‍, ജലസ്രോതസ്സുകളുടെ നിരീക്ഷണവും മാപ്പിങ്ങും, പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ടെത്തല്‍ തുടങ്ങിയവക്ക് ഉപഗ്രഹം സഹായകമാകും

Leave a Reply

Your email address will not be published. Required fields are marked *