2018ന് ശേഷം ആദ്യമായി 75 ശതമാനത്തോളം നിറഞ്ഞ് ഡാമുകൾ; സംസ്ഥാനത്തെ 11 ഡാമുകളിൽ റെഡ് അലർട്ട്
2018ലെ പ്രളയത്തിന് ശേഷം ആദ്യമായി 75 ശതമാനത്തോളം നിറഞ്ഞ് സംസ്ഥാനത്തെ ഡാമുകൾ. രണ്ടുമാസം കൊണ്ടാണ് ഇത്രയേറെ വെള്ളം ഡാമുകളിൽ സംഭരിക്കപ്പെടുന്നത്. വൈദ്യുതോത്പാദനം പൂർണതോതിലായിട്ടും ജലനിരപ്പുയരുകയാണ്. പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ ഒൻപത് ഡാമുകൾ തുറന്നു.ഇടുക്കി ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ടർ വരെ ജലനിരപ്പെത്തി. ആറടികൂടി സംഭരണം സാധ്യമാണ്. ഓറഞ്ച് അലർട്ടുള്ള കക്കി ഡാം മഴ ശക്തമായാൽ തുറക്കേണ്ടിവരും. കക്കയം, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്. തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകൾ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളമൊഴുക്കുന്നത്.വലിയ ഡാമുകളായ ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ, മലമ്പുഴ, ചിമ്മിനി, കുറ്റ്യാടി, നെയ്യാർ, പീച്ചി എന്നിവയിലെല്ലാം 70 ശതമാനത്തോളമോ അതിനുമുകളിലോ ആണ് നിലവിൽ വെള്ളം. വൈദ്യുതിബോർഡിന് കീഴിലുള്ള ഡാമുകളിൽ ജലനിരപ്പു താഴ്ത്താനായി ജൂൺ ആദ്യംമുതൽ വൈദ്യുതി ഉത്പാദനം പരമാവധിയിലാണ്. ദിവസേന 38-40 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നില്ല