Feature NewsNewsPopular NewsRecent Newsകേരളം

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്പെൻഷനിലായ ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ കൂടി സസ്പെൻഷനിലാരുന്നു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദു‌ൽ സത്താറിനെയാണ് സസ്പെന്റ് ചെയ്തത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് അബ്ദു‌ദുൽ സത്താർ മാധ്യമങ്ങളിലൂടെ ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നുമാണ് ജയിൽ വകുപ്പിൻ്റെ കണ്ടെത്തൽ. തുടർന്നാണ് അബ്ദു‌ൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. അബ്‌ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവേ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത്.

ഗോവിന്ദച്ചാമി ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂർണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയിൽ ചാടാൻ പുറമേനിന്ന് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സഹ തടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *