മണ്ണെണ്ണ മുഴുവന്‍ ഉപയോഗിച്ചില്ലെങ്കില്‍ വിഹിതം വെട്ടും; 2027-’28 വരെയുള്ള നയം വ്യക്തമാക്കി കേന്ദ്രം
കോട്ടയം: മണ്ണെണ്ണയുടെ വാര്‍ഷികവിഹിതം പൂര്‍ണമായി ഉപയോഗിച്ചാല്‍മാത്രമേ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അത്രതന്നെ അളവ് അനുവദിക്കൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഒരുവര്‍ഷത്തെ വിഹിതത്തില്‍ ലാപ്‌സാകുന്ന അളവ് അടുത്തവര്‍ഷം വെട്ടിക്കുറയ്ക്കും. നീണ്ട ഇടവേളയ്ക്കുശേഷം 16 സംസ്ഥാനങ്ങള്‍ക്ക് മണ്ണെണ്ണവിഹിതം അനുവദിച്ചതിന് പിന്നാലെയാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍.2025-26 മുതല്‍ 27-28 വരെയുള്ള മൂന്നുവര്‍ഷത്തേക്കാണ്, റേഷന്‍കടകള്‍വഴിയുള്ള വിതരണത്തിനും മീന്‍പിടിത്തബോട്ടുകള്‍ക്കും മണ്ണെണ്ണ അനുവദിച്ചത്. മൂന്നുമാസംവീതമുള്ള നാല് പാദങ്ങളിലായാണ് ഇത് നല്‍കുക. ഓരോ പാദത്തിലുമുള്ള വിഹിതം മുഴുവന്‍ അതത് സമയത്ത് എടുക്കണം.കേരളത്തിന് ഈ വര്‍ഷം ഓരോ പാദത്തിലും 56.76 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള പാദത്തിലെ അളവില്‍ 15 ശതമാനമേ വിതരണംചെയ്തുള്ളൂ. ബാക്കി നഷ്ടമായി. മന്ത്രി ജി.ആര്‍. അനില്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍, ലാപ്‌സായ വിഹിതംകൂടി അനുവദിക്കാന്‍ തീരുമാനമായിരുന്നു.രണ്ടാംപാദത്തില്‍ 35 ശതമാനം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാതില്‍പ്പടി വിതരണം ആവശ്യപ്പെട്ട് റേഷന്‍വ്യാപാരികള്‍ നിയമനടപടിയിലേക്ക് പോകുകയാണ്. രണ്ടാംപാദത്തിലും അളവ് പൂര്‍ണമായി എടുക്കാനായില്ലെങ്കില്‍, കേരളത്തിന്റെ വരുംവര്‍ഷത്തെ അളവ് കുറയും.അതേസമയം, കേന്ദ്രനയത്തിലുള്ള മറ്റിളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇതര ആവശ്യങ്ങള്‍ക്കും മണ്ണെണ്ണ നല്‍കാം. പ്രകൃതിദുരന്തങ്ങളിലുംമറ്റും ഇത് ഗുണകരമാണ്. ഇതിന്റെ വിതരണരീതിയും വിലയും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.