Feature NewsNewsPopular NewsRecent Newsവയനാട്

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പാടി: ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവർഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവൻ സംസ്ഥാന സർക്കാർ നിർമിക്കാൻ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ ഭീഷണിയില്ലാത്ത പുതിയ വീടിനെ ചുറ്റിപ്പറ്റിയാണ്.മുണ്ടക്കൈചൂരൽമല പ്രദേശത്തെ ഉന്നതിക്കാർക്ക് 15 ഏക്കറിൽ സർക്കാർ നിർമിക്കുന്ന വീടുകളിൽ ഒന്ന് നീലിയുടേതായിരിക്കും. 2024 ജൂലൈ 29 വൈകുന്നേരം. ഇടമുറിയാതെ പെയ്‌ത മഴയിൽ പട്ടികവർഗ വികസന വകുപ്പിലെ ഓഫീസറും മേപ്പാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഉന്നതിയിലെ വീട്ടിലെത്തി നിർബന്ധിച്ചതിനാലാണ് നീലിയും ഭർത്താവ് നമ്പൂരിയും അഞ്ചു മക്കളുമൊത്ത് വീട് വീട്ടിറങ്ങിയത്.താഴെ, വെള്ളാർമല സ്കൂ‌ളിൽ അധികൃതർ ഒരുക്കിയ ക്യാമ്പിൽ കുടുംബത്തോടൊപ്പം ഉറങ്ങാൻ കിടന്നപ്പോഴും വരാനുള്ള വൻ ദുരന്തത്തിൻ്റെ ഒരു സൂചനയും ആർക്കുമുണ്ടായിരുന്നില്ല.

‘അർധരാത്രി ഉരുൾപൊട്ടി വന്ന വെള്ളവും ചെളിയും ഞങ്ങൾ കിടന്ന ക്ലാസ് മുറിയിലേക്ക് അടിച്ചു കയറിയപ്പഴാണ് വിവരം അറിഞ്ഞത്. അരയ്ക്കൊപ്പം വെള്ളത്തിലും ചെളിയിലും കുട്ടികളെ മുറുകെപ്പിടിച്ചു ജീവന് വേണ്ടി റോഡിലേക്ക് ഓടുകയായിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. ഭർത്താവിനും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം അന്ന് ഓടിയ ഓട്ടം മറക്കാൻ പറ്റില്ല, 43കാരി നീലി പറഞ്ഞു.

ദുരന്താനന്തരം കുറേ ദിവസം ക്യാമ്പിൽ കഴിഞ്ഞശേഷം നീലിയും കുടുംബവും മടങ്ങിയത് പട്ടികവർഗ വികസന വകുപ്പ് വാടകയ്ക്ക് ഏർപ്പാടാക്കി നൽകിയ നെടുമ്പാലയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കായിരുന്നു. ഇപ്പോഴും അവർ അവിടെയാണ്.

‘ദുരന്തം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച എല്ലാ സഹായങ്ങളും ഞങ്ങൾക്ക് കിട്ടുന്നുണ്ട്. മാസവാടക, ദിനബത്ത, പ്രാഥമിക രേഖകൾ ഇല്ലാത്തവർക്ക് സർട്ടിഫിക്കറ്റ്, മക്കൾക്ക് സ്‌കൂളിൽ പോകാനുള്ള സൗകര്യം, ആരോഗ്യ വകുപ്പിൻ്റെ പരിശോധന, റേഷൻ… എല്ലാ കൃത്യമായി കിട്ടി. ഇപ്പോഴത്തെ വലിയ ആശ്വാസവും സന്തോഷവും സർക്കാർ കണ്ടെത്തിയ ഭൂമിയിൽ സ്ഥിരം വീട് എന്നതാണ്. അടച്ചുറപ്പുള്ള, സുരക്ഷയെക്കുറിച്ച് ആധി വേണ്ടാത്ത വീടിന്റെ നിർമ്മാണം പൂർത്തിയാവാൻ കാത്തിരിക്കുകയാണ്, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *