വന്യമൃഗങ്ങളെ തടയാന്‍ മുള്ളുമുള മതിൽ
കൽപ്പറ്റ: പന്നി ഉള്‍പ്പെടെ ചെറുതും വലുതുമായ വന്യമൃഗങ്ങളുടെ കാടിറക്കം തടയാന്‍ മുള്ളുമുള മതില് പദ്ധതിയുമായി വയനാട് തൃക്കൈപ്പറ്റ ബാംബു വില്ലേജിലെ എം. ബാബുരാജ്. വനാതിര്‍ത്തിയില്‍ നിശ്ചിത അകലത്തിലും രീതിയിലും മുള്ളുമുളയുടെ തൈകള്‍ നട്ട് നാലുവര്‍ഷം പരിപാലിച്ചാല്‍ ആന, പുലി, കടുവ, പന്നി ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബാബുരാജ് പറയുന്നു. വനാതിര്‍ത്തിയില്‍ മതില്‍പോലെ വളരുന്ന മുളങ്കൂട്ടങ്ങളിലെ മുള്ളുകള്‍ക്കിടയിലൂടെ വന്യമൃഗങ്ങള്‍ക്ക് പുറത്തുകടക്കാനും തിരിച്ചുപോകാനും കഴിയില്ലെന്നാണ് ബാബുരാജിന്റെ പക്ഷം.വനാതിര്‍ത്തികളില്‍ വന്യമൃഗ പ്രതിരോധത്തിന് കിടങ്ങ്, കല്മതില്, വൈദ്യുത വേലി, തൂക്കുവേലി തുടങ്ങിയവയാണ് നിലവില്‍ പ്രയോഗത്തില്‍. ഈ രീതികള്‍ക്കെല്ലാം അവയുടേതായ പരിമിതികളുമുണ്ട്. നിര്‍മാണം നടന്ന് ഏറെക്കാലം കഴിയുംമുമ്പേ കിടങ്ങുകള്‍ ഇടിഞ്ഞുനികലുന്നത് അപൂര്‍വതയല്ല. കിടങ്ങ് ഇടിച്ച് ആനകള്‍ കൃഷിയിടങ്ങളിലേക്ക് വഴിയൊരുക്കുന്നുണ്ട്. കടുവകള്‍ക്കും പുലികള്‍ക്കും മറ്റും കിടങ്ങുകള്‍ അനായാസം ചാടിക്കടക്കാന്‍ കഴിയും. വനാതിര്‍ത്തിയില്‍ കല്മതില് നിര്‍മാണം ചെലവേറിയതാണ്. ഒരു കിലോമീറ്ററില്‍ കല്മതില് പണിയാന്‍ ലക്ഷക്കണക്കിനു രൂപ വേണം. ചതുപ്പുപ്രദേശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ചുള്ള മതില് നിര്‍മാണം പ്രായോഗികമല്ല. പലേടത്തും വനാതിര്‍ത്തികളില്‍ സ്ഥാപിച്ച വൈദ്യുത വേലികള്‍ വന്യമൃഗ പ്രതിരോധത്തിന് ഉതകുന്നില്ല. കൃത്യമായ പരിപാലനത്തിന്റെ അഭാവത്തില്‍ മിക്കയിടങ്ങളിലും പ്രവര്‍ത്തനക്ഷമല്ല. വേലികളിലേക്ക് മരങ്ങള്‍ കുത്തിമറിച്ച് വൈദ്യുതി പ്രവാഹം ഇല്ലാതാക്കി ആനകള്‍ ജനവാസകേങ്ങളില് ഇറങ്ങുന്നത് തുടര്‍ക്കഥയാണ്. എന്നിരിക്കേ വന്യജീവി പ്രതിരോധത്തില്‍ മുള്ളുമുള മതില് ഏറെ ഗുണകരമാകുമെന്നു ബാബുരാജ് പറയുന്നു.ഒരു കിലോമീറ്ററില്‍ മുള്ളുമുളകള്‍ നട്ട് മതില് പരുവമാകുന്നതുവരെ പരിപാലിക്കുന്നതിന് ഏകേദേശം നാല് ലക്ഷം രൂപയാണ് ചെലവ്. മുള്ളുമുളയുടെ 3,000 തൈകളാണ് ഒരു കിലോമീറ്ററില്‍ മൂന്നു പാളികളായി നടുന്നതിന് ആവശ്യം. ചതുപ്പുപ്രദേശങ്ങളിലും മുള്ളുമുള നട്ട് മതില് സജ്ജമാക്കാം. സിഗ്സാഗ് ആകൃതിയിലാണ് തൈകള്‍ നട്ട് പരിപാലിക്കേണ്ടത്.മുള്ളുമുള മതില് പദ്ധതി വനം, റവന്യു അധികാരികള്‍ക്ക് സമര്‍പ്പിച്ചെങ്കിലും അംഗീകാരമായില്ലെന്ന് ബാബുരാജ് പറഞ്ഞു. കഴിഞ്ഞവര്‍ഷം വനം മന്ത്രിക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് വിടുകയാണുണ്ടായത്. പരീക്ഷണാടിസ്ഥാനത്തില്‍പോലും മുള്ളുമുള മതില് നിര്‍മിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ പ്രത്യേക താൽപ്പര്യം കാട്ടുന്നില്ല. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ ജില്ലാ കലക്ടര്‍ക്കും ബാബുരാജ് പ്രോജക്ട് സമര്‍പ്പിച്ചിരുന്നു