Event More NewsFeature NewsNewsPoliticsPopular NewsRecent News

ഡിഫറന്റ് ആർട് സെന്റർ മാജിക് ഹോം;നാലാം ഭവനത്തിന്റെ താക്കോൽദാനം നാളെ

പുല്‍പ്പള്ളി: ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച, മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അരക്ഷിതമായ ഒരു ഷെഡില്‍ നിന്നും അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു ഭവനം സ്വന്തമാക്കിയിരിക്കുകയാണ് പടിഞ്ഞാറത്തറ സ്വദേശികളായ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ബൗദ്ധിക പരിമിതരായ നിസാമും നിസ്സിയും. മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാജിക് ഹോം ഭവനപദ്ധതിയുടെ ഭാഗമായി സ്വന്തമായി 5 സെന്റ് സ്ഥലവും അതിലൊരു മാതൃകാഭവനവും നേടിയ സന്തോഷത്തിലാണ് സൈജന്‍-ജോയ്‌സി ദമ്പതികളും അവരുടെ മക്കളും. ബൗദ്ധിക-ശാരീരിക പരിമിതരായ രണ്ട് മക്കളെയും വളര്‍ത്തിയെടുക്കാന്‍ പാടുപെടുന്നതിനിടയിലാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാജിക് ഹോം പദ്ധതിയില്‍ അര്‍ഹത നേടുന്നത്. പടിഞ്ഞാറത്തറയില്‍ ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച ഒരു ഷെഡിലാണ് രണ്ട് മക്കളും സൈജനും ജോയ്‌സിയും താമസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും ആകെയുള്ള ആശ്വാസം സൈജന്റെ കൂലിപ്പണിയില്‍ നിന്നുള്ള ഏക വരുമാനമാണ്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വേലിയമ്പം സ്വദേശി കുര്യാക്കോസ് 5 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് ഭിന്നശേഷി സൗഹൃദ ഭവനനിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്.
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ വയനാട് ജില്ലയിലെ ഗുണഭോക്താക്കളാണ് ജോയ്‌സിയും മക്കളും. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഏറ്റവും അനുയോജ്യമായ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
വീടിന്റെ താക്കോല്‍ ദാനം 5ന് നടക്കും. വയനാട് പുല്‍പ്പള്ളി വേലിയമ്പത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ഗുണഭോക്താവിന് കൈമാറും. ചടങ്ങില്‍ കാഴ്ചപരിമിതയും കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ആര്യപ്രകാശ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുക്കും. ജൂഡ് കണ്‍സ്ട്രക്ഷന്‍സിന്റെ നേതൃത്വത്തില്‍ സിംസണ്‍ ചീനിക്കുഴി ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 600 ചതുരശ്രഅടിയിലാണ് ഭിന്നശേഷി സൗഹൃദഭവനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഡി.എ.സി യുടെ സംരംഭമായ MAGIK Homes – Making Accessible Gateways for Inclusive Kerala പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന് പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *