പന്ത്രണ്ടാം ശമ്പള കമ്മീഷനെപ്രഖ്യാപിക്കാത്ത സർക്കാർ സമീപനം വഞ്ചനാപരമെന്ന് കേരള എൻജിഒ സംഘ്
കൽപ്പറ്റ: അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം എന്ന തത്വം അട്ടിമറിച്ച ഇടതു സർക്കാരിന്റെ സമീപനം ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി വി. വിശ്വകുമാർ. പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് വയനാട് കളക്ട്രേറ്റ് പടിക്കൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. 2024 ജൂലൈ ഒന്നാം തീയതി ലഭിക്കേണ്ടിയിരുന്ന പുതിയ ശമ്പളത്തിനായി ഒരു കമ്മീഷനെ പോലും നിയോഗിക്കാൻ ഇടതു സർക്കാർ നാളിതുവരെ തയ്യാറായിട്ടില്ല. ലീവ് സറണ്ടർ, ക്ഷാമബത്ത മുതലായ മുഴുവനാനുകൂല്യങ്ങളും ഇല്ലാതാക്കുകയോ തടഞ്ഞു വയ്ക്കപ്പെടുകയോ ചെയ്യുന്ന കാഴ്ചചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവനക്കാർ കണ്ടു കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ സാമ്പത്തിക നയങ്ങളും സ്വജനപക്ഷപാതവും ആണ് കേരളത്തിന്റെ സാമ്പത്തിക തകർച്ചയുടെ യഥാർത്ഥ കാരണം എന്നിരിക്കെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ മുഴുവൻ ബാധ്യതയും സംസ്ഥാനസർക്കാർ ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിൻ്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് പോലും മുഴുവൻ ക്ഷാമബത്തയും, കുടിശ്ശികയും ജീവനക്കാർക്ക് നല്കുകയുണ്ടായി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്‌ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ കൂടുതൽ വകുപ്പുകളെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെടുത്തുന്ന കാഴ്‌ചയാണ് പിന്നീട് കാണാൻ സാധിച്ചത്. പിഎം ആയുഷ്‌മാൻ ഭാരത് പോലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കേന്ദ്ര പദ്ധതികൾ തീർത്തും രാഷ്ട്രീയമായ കാരണങ്ങളുടെ പേരിൽ നടപ്പിലാക്കാതെ മാറി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. എന്തിനും ഏതിനും സമരങ്ങളിലേക്ക് ജീവനക്കാരെ തള്ളി വിടുന്ന ഇടത് സർവീസ് സംഘടനകളുടെ മേൽ വിഷയങ്ങളിലുള്ള സമീപനം തീർത്തും വഞ്ചനാപരമാണ്. ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുമ്പോഴും മൗനം പാലിക്കുന്ന സമീപനമാണ് ഇടതു സർവീസ് സംഘടനകൾ സ്വീകരിച്ചു വരുന്നത്. അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി കക്ഷി രാഷ്ട്രീയങ്ങൾക്കധീതമായി ജീവനക്കാർ ഒറ്റക്കെട്ടായി സമര രംഗത്ത് വരേണ്ടതുണ്ട്. എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ച് 2026 ജനുവരി ഒന്നു മുതൽ പുതിയ ശമ്പളം നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തീർത്തും സ്വാഗതാർഹമാണ്. ജില്ലാ പ്രസിഡന്റ് വി പി ബ്രീജേഷ് അധ്യക്ഷത വഹിച്ചു. എം ആർ സുധി ജില്ല സെക്രട്ടറി, സന്തോഷ് കുമാർ കെ ബി.എം എസ് ജില്ല സെക്രട്ടറി, പ്രശാന്ത് മണവയൽ ബി.ജെ.പി ജില്ല പ്രസിഡണ്ട്, കെ. അനന്തൻ പെൻഷൻ സംഘ്, കെ.ടി. സുകുമാരൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്,വി കെ ഭാസ്കരൻ ഫെറ്റോ ജില്ല പ്രസിഡണ്ട്, പ്രശാന്ത് മാസ്റ്റർ എൻ.ടി.യു ജില്ല പ്രസിഡണ്ട്, എം.കെ പ്രസാദ് ഒ എ ഉദയ, മോഹനൻ കെ, ടി ജി മഹേഷ്, നിധിഷ് കെ.എൻ, വി. ശിവകുമാർ, സന്തോഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.