വെള്ളരിമല വില്ലേജ് ഓഫീസറെ കൈയ്യേറ്റം ചെയ്ത സംഭവം; കുറ്റുക്കാർക്കെതിരെ നടപടിസ്വീകരിക്കണം: എൻ.ജി.ഒ അസോസിയേഷൻ
വൈത്തിരി: വെള്ളരിമല വില്ലേജ് ഓഫീസർ കെ.അജീഷിനെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡൻ്റ് കെ.റ്റി. ഷാജി ആവശ്യപ്പെട്ടു. മുണ്ടക്കെ ചൂരൽമല ഉരുൾ ദുരന്തം നടന്ന ദിവസം മുതൽ സമാനതകളില്ലാത്ത സമ്മർദ്ദമാണ് റവന്യു ജീവനക്കാരും മറ്റ് വകുപ്പ് ജീവനക്കാരും നേരിടുന്നത്. രാത്രിയും പകലും ഒരുപോലെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് മതിയായ സംരക്ഷണമോ ജോലി ചെയ്യാനുള്ള സാഹചര്യമോ ഇല്ലാത്ത സ്ഥിതിയാണ്. സർക്കാരിന്റെ ഭരണയന്ത്രം ചലിപ്പിക്കുന്ന സിവിൽ സർ വെന്റുകൾക്കെതിരെ നടക്കുന്ന തുടർച്ചയായ ഇത്തരം ആക്രമണങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത് ഗൗരവമായി കാണണം.മുമ്പ് ഇത്തരം അക്രമണങ്ങൾ നടത്തിയവർക്കെതിരെ മാതൃകപരമായി ശിക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ കാരണമെന്നും എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചതാണ് ഇതിന് മുമ്പുണ്ടായ സംഭവം.ജീവനക്കാർ ദുരന്ത ബാധിതർക്കൊപ്പം തന്നെയാണ്. ആനുകൂല്യങ്ങൾ എത്രയും വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുമാണ്. അതിനുള്ള സാഹചര്യവും അടിസ്ഥാന സൗകര്യവും മതിയായ സംരഷണവും അധികൃതർ ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.സി.കെ ജിതേഷ്, ലൈജു ചാക്കോ, ടി.പരമേശ്വരൻ, എം വി സതീഷ് എന്നിവർ പ്രസംഗിച്ചു.