Feature NewsNewsPopular NewsRecent Newsവയനാട്

അരങ്ങ് ജില്ലാതല കലോത്സവം തുടങ്ങി;

കല്‍പ്പറ്റ:കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകളെ ഉണര്‍ത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുന്ന ജില്ലാതല കലോത്സവം ‘അരങ്ങ് 2025’ ന് തിരി തെളിഞ്ഞു. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ദ്വിദിന കലോത്സവം ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ തിരക്കിനിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അവനവന് വേണ്ടി മാറ്റിവെക്കണമെന്ന് അദ്ദേഹം കുടുംബശ്രീ അംഗങ്ങളോട് നിര്‍ദേശിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ വിനയന്‍ അധ്യക്ഷത വഹിച്ചു. ആദ്യദിനം സ്റ്റേജിതര മത്സരങ്ങളും വിവിധ സ്റ്റേജ് ഇനങ്ങളും പൂര്‍ത്തിയാവുമ്പോള്‍ 90 പോയിന്റുമായി ബത്തേരി സിഡിഎസ് ആണ് മുന്നില്‍. 23 പോയിന്റുമായി തവിഞ്ഞാല്‍ സിഡിഎസ് രണ്ടാമതും 17 പോയിന്റുമായി പനമരം സിഡിഎസ് മൂന്നാം സ്ഥാനത്തുമാണ്. 98 മത്സര ഇനങ്ങളിലായി ജില്ലയിലെ 27 സിഡിഎസുകളില്‍ നിന്നും 500 ല്‍ അധികം മത്സരാര്‍ത്ഥികളാണ് ജില്ലാ കലോത്സവത്തിന്റെ ഭാഗമാവുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടത്തിയ കലോത്സവത്തിലെ വിജയികളാണ് ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗവും 40 ന് മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായി ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍. കുടുംബശ്രീ മുദ്രാഗീതത്തോട് കൂടി ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷ രാജേന്ദ്രന്‍, ജില്ലയിലെ വിവിധ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, എഡിഎംസി മാരായ എ കെ അമീന്‍, വി കെ റജീന, എഡിഎംസി കെ എം സലീന എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *