കളികളിലും കലകളിലും മറ്റു കായിക മത്സരങ്ങളിലും ഏർപ്പെട്ട് ലഹരി കണ്ടെത്തണം: മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏർപ്പെട്ടും മാതാപിതാക്കളെ സ്നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് സംസ്ഥാന പട്ടിക ജാതിപട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു അഭിപ്രായപ്പെട്ടു. സമൂഹത്തെ നശിപ്പിക്കുന്ന മറ്റു ലഹരികളിലല്ല സന്തോഷം കണ്ടെത്തണ്ടത്. ഏല്ലാവർക്കും സമൂഹത്തോട് പ്രതിബന്ധതയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു സന്തോഷിക്കണമെന്നും ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകൾ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോൾ കാർണിവലിന്റെ വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സര പരിപാടി ഉദ്ഘാടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികയിനങ്ങളിൽ വയനാടിന് ഒരുപാട് നല്ല താരങ്ങളുണ്ടെന്നും മയക്കുമരുന്നുകൾക്ക് പിറകെ കൂടാതെ കളി ലഹരിയാക്കി യുവജനങ്ങൾ മുന്നോട്ട് കുതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ കവല എഫ്.സി കുപ്പാടിത്തറ ചാമ്പ്യമാരായി. എതിരില്ലാത്ത ഒരു ഗോളിന് 666 വൈത്തിരിയെ കീഴടക്കിയാണ് കവല എഫ്.സി ഒന്നാമതായത്. കെ.വൈ.സി ചേനാട്, ചാഞ്ചില്ലേഴ്സ് വെള്ളമുണ്ട എന്നീ ടീമുകൾ സെമി ഫൈനലിസ്റ്റുകളായി. വിജയികൾക്ക് മന്ത്രി ഒ.ആർ. കേളു, ജില്ലാ പോലീസ് മേധാവി എന്നിവർ ചേർന്ന് ട്രോഫി കൈമാറി. പങ്കെടുത്ത എല്ലാ ടീമുകളിലെ അംഗങ്ങൾക്കും ലഹരിവിരുദ്ധ സന്ദേശമടങ്ങിയ സർട്ടിഫിക്കറ്റുകൾ നൽകി. അതിനു ശേഷം നടന്ന, അണ്ടർ20 സംസ്ഥാന ചാമ്പ്യൻമാരായ വയനാട് ജില്ലാ ടീമും വയനാട് ജില്ലാ പോലീസ് ടീമും തമ്മിലുള്ള സൗഹൃദ മത്സരം കാണികളിൽ കൈയടികളുയർത്തി. സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്ഗോളുകൾക്ക് ജില്ലാ പോലീസ് ടീം വിജയികളായി.
റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം, വയനാട് ജില്ലാ അഡീ. എസ്.പി. ടി.എൻ. സജീവ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ഭരതൻ, മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ, ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷെരീഫ്, കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ ഷൈജു, മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ അഗസ്റ്റിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധി കെ. ഉസ്മാൻ, മാനന്തവാടി നഗരസഭകൗൺസിലർ, സുനിൽകുമാർ, അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ജനമൈത്രി നോഡൽ ഓഫിസർ കെ.എം. ശശിധരൻ, എസ്.ഐ എം.കെ സാദിർ തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും സ്പോർട്സ് കൗൺസിലിന്റെറെയും സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ19 ഫുട്ബോൾ ടൂർണമെന്റിനാണ് തിങ്കളാഴ്ച സമാപനമായത്. മെയ് രണ്ടിന് തുടങ്ങിയ തുടങ്ങിയ ടൂർണമെന്റിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളിൽ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉൾപ്പെടുത്തി ആകെ 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ബത്തേരി ബ്ലോക്കിലെ മത്സരങ്ങൾ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും, കൽപ്പറ്റ ബ്ലോക്കിലെ മത്സരങ്ങൾ അച്ചൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, മാനന്തവാടി ബ്ലോക്കിൽ തവിഞ്ഞാൽ 44-ാം മൈൽ ഗ്രൗണ്ടിലും, പനമരം ബ്ലോക്കിൽ നടവയൽ സെന്റ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിലും മത്സരങ്ങൾ നടന്നു. ഈ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലിൽ മത്സരിചത്.