ലോക മലമ്പനി ദിനാചരണം:ജില്ലാതല ആരോഗ്യവിദ്യാഭ്യാസബോധവൽക്കരണം നടത്തി
മാനന്തവാടി: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി സെന്റ് മേരീസ് കോളേജിൽ ജില്ലാതല ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി രോഗകാരികളായ കൊതുകുകകളുടെ ലാർവകളെ തിരിച്ചറിയാനുള്ള ബോധവൽക്കരണ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ മാനന്തവാടി നഗരസഭയില ഇരുപത്തിയഞ്ചാം ഡിവിഷൻ പെരുവക റോഡിൽ കൊതുക് നിവാരണ പ്രവർത്തനവും കൊതുക് സാന്ദ്രതാ പഠനവും നടത്തി. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്ത പരിശോധനാ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.
ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റിലെ ബയോളജിസ്റ്റ് ബിന്ദു കെ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ വിൻസെൻ്റ് സിറിൾ, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസർ ഇൻചാർജ് കെ കെ അഷ്റഫ് എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. കോളേജ് പ്രിൻസിപ്പൽ റെനി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബി ജെ മണികണ്ഠൻ വിദ്യാർത്ഥികൾക്ക് ലോക മലമ്പനി ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫീൽഡ് അസിസ്റ്റന്റുമാരായ വി വി ദിനേശ് കുമാർ, വിജേഷ് ചെമ്പേരി, ഐ സി ജയമോൾ എന്നിവർ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലമ്പനി നമ്മിൽ അവസാനിക്കട്ടെ! പുനർനിക്ഷേപിക്കുക, പുനർവിഭാവനം ചെയ്യുക,പുനരുജ്ജ്വലിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം! സന്ദേശത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും കൊതുക് നിവാരണ ഫീൽഡ് തലയോഗങ്ങളും സംഘടിപ്പിച്ചു.