സംസ്ഥാനത്തെ വാഹന പരിശോധന; മൊബൈൽ വഴി വാഹനങ്ങൾക്ക് പിഴ ചുമത്തരുത്
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ വഴി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കും. മൊബൈൽ ഫോണിൽ ഫോട്ടോ എടുത്താണ് വാഹന ഉടമകൾക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നത്.
മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയിൽ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകൾക്കായി ഉപയോഗിക്കാൻ ചില അംഗീകൃത ഡിവൈസുകൾ പറയുന്നുണ്ട്. അതിൽ എവിടെയും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നില്ലെന്ന് റിട്ടയേർഡ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പി എം ഷാജി പറഞ്ഞു.
മൊബൈൽ ഫോണിൽ ചിത്രമെടുത്ത് നിയമലംഘനം കണ്ടെത്തിയാൽ വാഹന ഉടമകൾക്ക് നോട്ടീസ് അയക്കാൻ സാധിക്കില്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഗുരുതര ചട്ടലംഘനം നടക്കുന്നതെന്നും പി എം ഷാജി ചൂണ്ടികാട്ടി. ടാർഗെറ്റ് തികയ്ക്കാൻ വഴിയിൽ പോകുന്നവരുടെയൊക്കെ ചിത്രമെടുത്ത് പിഴയൊടുക്കുന്ന പ്രവണത ചില ഉദ്യോഗസ്ഥർക്കുണ്ട്. അത് നിയമം മനസ്സിലാവാത്തത് കൊണ്ടാണോ ടാർഗെറ്റ് തികക്കാനാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.