ആധാരം സ്വയം എഴുതാന്‍ മലയാളിക്ക് പേടി; നിയമംവന്ന് എട്ടുകൊല്ലത്തിനിടെ ആധാരം സ്വന്തമായെഴുതിയത് 4430 പേര്‍മാത്രം
തിരുവനന്തപുരം: ഭൂമിയിടപാടുകള്‍ക്ക് ആധാരം സ്വയം എഴുതാന്‍ നിയമമുണ്ടെങ്കിലും മലയാളിക്ക് ധൈര്യം അത്ര പോര. നിയമംവന്ന് എട്ടുകൊല്ലത്തിനിടെ 4430 പേര്‍മാത്രമാണ് ആധാരം സ്വന്തമായെഴുതിയത്. സ്വയമെഴുത്തില്‍ തെറ്റുപറ്റുമോയെന്നാണ് പേടി. ഒരുവര്‍ഷം പത്തുലക്ഷത്തോളം ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ സ്വയം എഴുതിയ ആധാരങ്ങളുടെ എണ്ണം നാമമാത്രം.
ആധാരങ്ങളുടെ 19 മാതൃക രജിസ്ട്രേഷന്‍ വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ മതിയെങ്കിലും പിശകുപറ്റുമോയെന്ന ആശങ്കയാണ് മിക്കവര്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പൂരിപ്പിച്ച മാതൃകയുമായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി പരിശോധിക്കാന്‍ സൗകര്യമുണ്ട്. സ്വന്തമായി ആധാരം എഴുതുന്നവര്‍ക്ക് എല്ലാസഹായവും നല്‍കണമെന്ന് നിര്‍ദേശവുമുണ്ട്. എന്നാലും ആധാരമെഴുതാന്‍ മലയാളിക്ക് ധൈര്യംപോരാ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 896 ആധാരങ്ങളാണ് സ്വന്തമായി തയ്യാറാക്കി രജിസ്റ്റര്‍ചെയ്തത്. ഇതിനോട് തുടക്കംതൊട്ടേ ആധാരമെഴുത്തുകാര്‍ക്ക് എതിര്‍പ്പായിരുന്നു. തങ്ങളുടെ ജോലിപോകുമെന്ന ആശങ്കയില്‍ ആധാരമെഴുത്തുകാര്‍ ഒട്ടേറെ സമരങ്ങളും നടത്തി. എന്നാല്‍, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് തെളിയുന്നത്.