പൊരുന്നന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാരത്തിലേക്ക്
മാനന്തവാടി: ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനയ്ക്ക് യോഗ്യത നേടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പൊരുന്നന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജില്ലാതല ഗുണനിലവാര പരിശോധനയും, ഏപ്രിലിൽ നടന്ന സംസ്ഥാനതല അവലോകനവും പൊരുന്നന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം വിജയകരമായി പൂർത്തിയാക്കി. ഈ മികച്ച നേട്ടത്തിൽ ആരോഗ്യവകുപ്പ് ജില്ലാ നേതൃത്വം സി എച്ച് സി ടീമിനെ അഭിനന്ദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും പിന്തുണയോടെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ കഠിന പ്രയത്നമാണ് ഈ വിജയത്തിന് പിന്നിൽ. വളരെയധികം പരിമിതികൾ ഉണ്ടായിരുന്നിട്ടും, വെറും നാല് മാസത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ സ്ഥാപനം ഈ അംഗീകാരം നേടിയതെന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം തന്നെ പൊരുന്നന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ദേശീയ ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും ആശുപത്രി വികസന സമിതിയും. പൊതുജനാരോഗ്യ വിഭാഗത്തിന് നേതൃത്വം നൽകുന്നത് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എഫ് എച്ച് സി ആണ്. ഡോക്ടർ സഗീറിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ആശുപത്രി, ഓഫീസ്, ഡെന്റൽ വിഭാഗം, നേത്ര പരിശോധന, ഫാർമസി, ലബോറട്ടറി, സെക്കൻഡറി പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി, പൊതുജനാരോഗ്യം എന്നീ വിവിധ വിഭാഗങ്ങളിലാണ് ഗുണനിലവാര പരിശോധന നടന്നത്. ഒ.പി – ഐ പി വിഭാഗങ്ങൾക്ക് ഡോക്ടർ രേഷ്മ (ഡെൻ്റൽ അസിസ്റ്റൻ്റ് സർജൻ), ലാബ്, ഫാർമസി, അനുബന്ധ വിഭാഗങ്ങൾക്ക് ഡോക്ടർ ശ്രീജ (അസിസ്റ്റൻ്റ് സർജൻ), പൊതുജനാരോഗ്യ വിഭാഗത്തിന് ഡോക്ടർ സഗീർ എന്നിവർ നേതൃത്വം നൽകി. അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ ഗുണനിലവാര പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും. ഈ നേട്ടം വയനാട് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് ഒരു മുതൽക്കൂട്ട് ആകുമെന്നതിൽ സംശയമില്ല