എന്റെ കേരളം’ പ്രദർശന വിപണന മേള ജില്ലാതല യോഗം ചേർന്നു
കൽപറ്റ: ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ ജില്ലാതല യോഗം കലക്ടർ ഡി ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്നു. കലക്ടറേറ്റ് എ പി ജെ ആസൂത്രണഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ നാലാം വാർഷികത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ വകുപ്പുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്റ്റാളുകൾക്ക് അവാർഡ് നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകളുടെ 176 തീം, വാണിജ്യ സ്റ്റാളുകൾ ഉണ്ടാകും. സ്റ്റാളുകളുടെ നിർമാണം ഏപ്രിൽ 18 നകം പൂർത്തീകരിച്ചു അതാത് വകുപ്പുകൾക്ക് കൈമാറാൻ ജില്ലാ കലക്ടർ കിഫ്ബിക്ക് നിർദേശം നൽകി. എന്റെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് ഏപ്രിൽ 22 ന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ യോഗം ചേരും.
എ ഡി എം കെ ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റർമാരായ കെ സുമ, എം അമിയ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എന്നിവർ സംസാരിച്ചു. വിവിധ ജില്ലാ ഓഫിസർമാരും വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു