Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രോജക്ട് എക്സ്: സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്ട് എക്സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്സോ കേസുകളാണ് ഉണ്ടാകുന്നത്.കനല്‍ ഇന്നൊവേഷന്‍സ് എന്ന എന്‍ജിഒ 220 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ പല അധ്യാപകര്‍ക്കും പരിശീലനം ഇല്ലെന്നും, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് മതിയായ അറിവ് ഇല്ലെന്നും അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മിക്ക അധ്യാപകര്‍ക്കും സമ്മതം നല്‍കുന്നതിനുള്ള പ്രായം, ജെന്‍ഡര്‍ ഐഡന്റിറ്റി, ലൈംഗിക അവയവങ്ങളുടെ പേരുകള്‍ തുടങ്ങിയ അടിസ്ഥാന അറിവുകള്‍ പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കനല്‍ ഇന്നൊവേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗൈഡ്ഹൗസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രോജക്ട് എക്സ് പദ്ധതി നടപ്പാക്കുന്നത്. ചൂഷണം ചെറുക്കാന്‍ കുട്ടികള്‍ക്ക് ഫലപ്രദമായ പിന്തുണ നല്‍കാനുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രോജക്ട് എക്സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ‘നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ നടപടികളില്‍ ഒന്നാണ് ശരിയായ അറിവ് നല്‍കി ുനമ്മുടെ അധ്യാപകരെ ശാക്തീകരിക്കുക എന്നത്.’ ‘പ്രൊജക്ട് എക്സ് വഴി, അവബോധം സൃഷ്ടിക്കുക മാത്രമല്ല, ദുരുപയോഗങ്ങള്‍ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനും കഴിയുന്ന വിശ്വസ്തരായ മുതിര്‍ന്നവരുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഈ മാതൃക തിരുവനന്തപുരത്ത് അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ‘അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പ്രോജക്റ്റ് എക്സ് ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാനസികസാമൂഹിക വികസനം, ലിംഗ ബന്ധങ്ങള്‍, കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസത്തില്‍ കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ നാല് ഭാഗങ്ങളുള്ള ഒരു മൊഡ്യൂള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും അധ്യാപക ശേഷി വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കനല്‍ ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ആന്‍സണ്‍ പി ഡി അലക്സാണ്ടര്‍ ചൂണ്ടിക്കാട്ടി. ‘സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പര്‍ശനങ്ങളെക്കുറിച്ചും അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകമാണ്. അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *