രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്. ചേർത്തലയിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട. ബിഡിജെഎസിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികൾ ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ഇതുൾപ്പടെ ഉള്ള ഘടകകക്ഷികളുടെ ആവശ്യങ്ങൾക്ക് എങ്ങനെ പരിഹാരം കാണുമെന്നതും ശ്രദ്ധേയമാണ്.
ഇന്ന് വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്ന രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച.