വായിൽവെക്കാൻ കൊള്ളാത്ത ഭക്ഷണങ്ങൾക്ക് വിട; ട്രെയിൻ യാത്രയിൽ ഇനി പ്രാദേശിക ഭക്ഷണമെത്തും
ട്രെയിനിൽ ദൂരയാത്രകൾ ചെയ്യുമ്പോൾ നമ്മുടെ പ്രധാനപ്പെട്ട ആശങ്കയായിരിക്കും ഭക്ഷണം എന്നത്. പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്ത, ചൂടില്ലാത്ത ഭക്ഷണം ഒക്കെയായിരിക്കും നമുക്ക് ലഭിക്കുക. ഭക്ഷണം ഉൾപ്പെടുന്ന പ്രീമിയം ട്രെയിനുകളിൽ ആണെങ്കിൽ നമുക്ക് ലഭിക്കുന്നവ ഒരുപക്ഷെ ഇഷ്ടമാകണമെന്നില്ല. ചിലപ്പോൾ ആ പ്രദേശത്ത് സ്ഥിരം ലഭിച്ചുവരുന്ന ഭക്ഷണം പോലും ആകണമെന്നില്ല. ഇപ്പോളിതാ, ട്രെയിനുകളിൽ അതാത് പ്രദേശങ്ങളിലെ, പ്രാദേശിക ഭക്ഷണങ്ങൾ ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്റിലെ ചോദ്യോത്തരവേളയിൽ, ഡിഎംകെ അംഗം സുമതി തമിഴച്ചി തങ്കപാണ്ട്യൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെയിൽവേ മന്ത്രി
തമിഴ്‌നാട്ടിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ തമിഴ് വിഭവങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയാണ് സുമതി തമിഴച്ചി തങ്കപാണ്ട്യൻ ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് റെയിൽവേ മന്ത്രി പ്രാദേശിക വിഭവങ്ങൾ ട്രെയിനുകളിൽ ലഭ്യമാക്കുമെന്ന് മറുപടി പറഞ്ഞത്. ഇത് രാജ്യത്തെമ്പാടും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ‘കൂടുതൽ ട്രെയിനുകളിലേക്ക് പ്രാദേശിക ഭക്ഷണങ്ങൾ എത്തിക്കും. രാജ്യത്തെമ്പാടും ഈ പദ്ധതി വ്യാപിപ്പിക്കും. ട്രെയിൻ ഏത് പ്രദേശത്തു കൂടിയാണോ കടന്നുപോകുന്നത് ആ പ്രദേശത്തെ ഭക്ഷണവിഭവങ്ങൾ തന്നെയാകുംഉൾപ്പെടുത്തുക’ എന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലേക്ക് അവധിക്കാല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മുതൽ ബെംഗളൂരു SMV ടെർമിനൽ വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ മുഴുവൻ എസി കംപാർട്മെന്റുകളാണ്. ഏപ്രിൽ 4 മുതൽ മെയ് 5 വരെയാണ് സർവീസ്. എല്ലാ വെള്ളിയാഴ്ചകളിലും SMV ടെർമിനലിൽ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം നോർത്ത് എത്തും. മടക്കയാത്രയ്ക്കായി, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം കാലത്ത് ഏഴരയോടെ ബെംഗളുരുവിലെത്തും.