‘ഓപ്പറേഷൻ ബ്രഹ്മ’; ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലെത്തി ഇന്ത്യൻ സംഘം
നിഡോ: ശക്തമായ ഭൂകമ്പത്തെ തുടർന്ന് കനത്ത നാശം സംഭവിച്ച മ്യാൻമറിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂൺ വിമാനത്താവളത്തിലെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാങ്കൂണിലെത്തിയത്. മ്യാൻമറിലെ ജനങ്ങളെ സഹായിക്കുന്നതിന് മുന്നിൽ നിന്ന് തന്നെ ഇന്ത്യ പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിക്കുകയും അയൽരാജ്യത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ടെന്റുകൾ, ബ്ലാങ്കറ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷ്യ പായ്ക്കറ്റുകൾ, ശുചീകരണ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയടക്കം 15 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായത്തിൽ മ്യാൻമറിലെത്തിയത്. കൂടാതെ ദേശീയ ദുരന്ത നിവാരണസേനാ ടീമും മ്യാൻമറിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ സഹായം ഇന്ത്യ നൽകുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അറിയിച്ചു. വെള്ളിയാഴ്ച മധ്യ മ്യാൻമറിലും തായ്ലൻഡിലുമായി ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 1000 കടന്നതായാണ് റിപ്പോർട്ട്. മ്യാൻമറിലാണ് ഭൂകമ്പം ഏറ്റവുമധികം ആൾനാശം വരുത്തിയിട്ടുള്ളത്.