Uncategorized

വീടുകളുടെ നിർമാണം ഈ വർഷം പൂർത്തീകരിക്കുക ലക്ഷ്യം:റവന്യു മന്ത്രി കെ രാജൻ

കൽപറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം
ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. എൽസ്റ്റൺ എസ്റ്റേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ ടൗൺഷിപ്പിന്റെയും നിർമാണം 2025-26 സാമ്പത്തിക വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന പുനരധിവാസ ടൗൺഷിപ് ആണ് കൽപറ്റയിൽ ഉയരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിൽ ഉൾപ്പെട്ട നാല് സമിതികളാണ് നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പോൺസർമാരും ഉൾപ്പെട്ട സമിതി, ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി, സ്പെഷൽ ഓഫിസർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സമിതി, ജില്ലാ കലക്ടർ അധ്യക്ഷയായുള്ള സമിതി എന്നിങ്ങനെ നാല് സമിതികൾ എല്ലാതരത്തിലും അവലോകനവും മേൽനോട്ടവും നിർവഹിക്കും.

വീടുകൾക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക പല പട്ടികകളിൽ ഒന്ന് മാത്രമാണ്. പരുക്കേറ്റവരിൽ തുടർചികിത്സ വേണ്ട വരുടെയും വിദ്യാർഥികളിൽ തുടർപഠനം വേണ്ടവരുടെയും ഉപജീവനവുമായി ബന്ധപ്പെട്ട മൈക്രോ പ്ലാനിൽ ഉൾപ്പെട്ടവരുടെയും കച്ചവടക്കാരുടെയും ഒക്കെ പട്ടികകൾ ഉണ്ട്. വീട് നിർമാണത്തിൽ മാത്രമായി പുനരധിവാസം ചുരുക്കാനല്ല സർക്കാർ തീരുമാനം. പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുളിനെക്കാൾ ഉയരത്തിൽ ആളുകളുടെ പുഞ്ചിരി ഉയരണം. അതാണു സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്.

ദുരിതബാധിതരുടെ 30 കോടിയിൽപ്പരം രൂപയുടെ വായ്പകൾ ആണു കേരള ബാങ്ക് എഴുതിത്തള്ളിയതെന്ന് റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. കടമുള്ള ഏതെങ്കിലും ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈവിടില്ലെന്ന് മന്ത്രി രാജൻ ഉറപ്പുനൽകി. കോടതി നടപടികൾ പദ്ധതിക്ക് വിഘാതമാകും എന്ന് ആരും കരുതേണ്ട.

ദുരിബാധിതർക്കു വലിയ ഒരു തുക കൊടുത്ത് തുടർനടപടികൾ ഒഴിവാക്കിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. വയനാടിന്റെ ഭൂമിയുടെ സ്വഭാവം വച്ച് അങ്ങനെ പറ്റില്ല.
ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവു ലഭിച്ച ഒട്ടേറെ ഭൂമിയുള്ള ജില്ലയാണ് വയനാട്. ഈ തുക കൊണ്ട് ആളുകൾ വാസയോഗ്യവും നിയമപ്രശ്നങ്ങൾ ഇല്ലാത്തതുമായ എത്ര ഭൂമി വാങ്ങും എന്ന പ്രശ്നമുണ്ട്. ദുരിതബാധിതരെ പൂർണമായും സഹായിക്കുക എന്ന മനോഭാവമാണു സർക്കാരിന്. അതുകൊണ്ടാണ് വയനാട് പുനരധിവാസ പദ്ധതി ലോകത്തിന് മാതൃകയാകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *