Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികൾക്ക്പുത്തന്‍ ക്ലാസ് മുറികള്‍

കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ അടുത്ത അധ്യയനത്തില്‍ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികള്‍. കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഐ) ആണ് 3 കോടി രൂപ ചെലവഴിച്ച് ഇവര്‍ക്കായി പുതിയ ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചു നല്‍കുന്നത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ഥികളെ മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയ്ക്കു മാറ്റുകയായിരുന്നു. ഇവരെ മാറ്റിയ മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇവര്‍ക്കായി 12 ക്ലാസ് മുറികളും 16 ശുചിമുറികളും ബിഎഐ നിര്‍മിച്ചു നല്‍കുന്നത്.എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും നിര്‍മാണം ഈ മാസം പൂര്‍ത്തിയാവുമെന്ന് ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ് പറഞ്ഞു. 4 ക്ലാസ് മുറികളുടെയും 6 ശുചിമുറികളുടെയും നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ സൗകര്യത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 460 വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു വിഭാഗത്തിലെ 90 വിദ്യാര്‍ഥികള്‍ക്കും പുതിയ ക്ലാസ് മുറികള്‍ സഹായകമാവും.വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമാണുള്ളത്. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 33 വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. സ്‌കൂളിലെ 40 കുട്ടികള്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജില്ലയിലെ മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നു.ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രണ്ട് കോടി ചെലവഴിച്ച് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലും നിര്‍മിച്ചു നല്‍കും. എഴുപത്തിയഞ്ച് പെണ്‍കുട്ടികള്‍ക്കും 75 ആണ്‍കുട്ടികള്‍ക്കുമായാണ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുക. ഷട്ടില്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഓപ്പണ്‍ ജിംനേഷ്യമുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റല്‍ നിര്‍മിച്ചു നല്‍കുക. ഹോസ്റ്റലിനായി സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കുന്നതിനനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നും ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *