സഹപാഠികളുടെ ഓർമ്മക്കായി കൂട്ടുകാർ കൈകോർത്തു; മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് ശ്രവണ സഹായി സമ്മാനിച്ചു
കൽപ്പറ്റ : അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹപാഠികൾക്കായി കൂട്ടുകാരുടെ കൂട്ടായ്മയിൽ കൈകോർത്ത് വയനാട് മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് കരുതലാകുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റാണ് 18 കുട്ടികൾക്കായി ശ്രവണ സഹായി ഉപകരണം സമ്മാനിച്ച് കരുതലായത്.ഞായറാഴ്ച ( 23 – 3- 2025 ) വൈകീട്ട് 3 ന് ഓർഫനേജിൽ നടന്ന ചടങ്ങിൽ ശ്രവണ സഹായി ഉപകരണം വിതരണം ചെയ്തു.2013 ൽ തിരുവനന്തപുരം സാരാഭായി എഞ്ചിനീയറിംഗ്കോളജ് പഠന വേളയിൽ വിനോദ യാത്രയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കഴിഞ്ഞ 10 വർഷമായി കാരുണ്യ പ്രവർത്തനങ്ങളുമായി ഇവർ ഒത്ത് ചേരാറുണ്ട്.കോളേജിൽ 2009 – 2013 കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെൻറ്റെഷൻ ഡിപ്പാർട്ടുമെൻ്റിൽ പഠിച്ചവർ വിനോദയാത്രയ്ക്കിടെ ഇടുക്കി രാജാക്കാട് വെച്ച് ബസ് അപകടത്തിൽപ്പെട്ടു. ബസിൽ ഉണ്ടായിരുന്ന 7 പേർക്ക് ( മഞ്ജു, ഷൈജു , ശ്രീജേഷ് , ശരത് , ഹേമന്ത് , വിഗ്നേഷ് , ജിതിൻ ) ജീവൻ നഷ്ടപ്പെട്ടു. നാലു വർഷം ഒന്നിച്ചുണ്ടായിരുന്നവർക്കായി എല്ലാ വർഷവും ഇവർ ഒത്തുകൂടുന്നത് പതിവായി. 2023 ലാണ് ഈ കൂട്ടായ്മ ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്ടർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സഹപാഠികളുടെ ഓർമ്മകൾ നിലനിർത്തുകയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.മുട്ടിൽ ഓർഫനേജിൽ നടന്ന ചടങ്ങ് പദ്മശ്രീ ഡോ. ധനഞ്ജയ് സഗ്ദിയോ ഉദ്ഘാടനം നിർവഹിച്ചു. ഡബ്ല്യു. എം. ഒ ജനറൽ സെക്രട്ടറി കെ. കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡബ്ല്യു. എം. ഒ ഭാരവാഹികളായ ഡോ. റാഷിദ് ഗസ്സൽ, ഡോ. കെ. ടി. അഷറഫ് എന്നിവരും പങ്കെടുത്തു. ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സെക്രട്ടറി ശരത് ശിവമണി സ്വാഗതവും ചെയർമാൻ എ. പി. അഹമ്മദ് സാലി കൃതജ്ഞത പ്രസംഗവും നടത്തി.