ആരോഗ്യ മേഖലയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
വൈത്തിരി :ആരോഗ്യ മേഖലയില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാന്സ്ഫോര്മേഷന് യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ചികിത്സാ സൗകര്യവും ശസ്ത്രക്രിയയും ഉപ്പാക്കാന്‍ സാധിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷന്‍ ജില്ല കൂടിയായ വയനാട്ടിലെ ഗവ. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് മെഡിക്കല്‍ പഠനം ആരംഭിക്കാന്‍ ദേശീയ ആരോഗ്യ കമ്മിഷനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കല്പറ്റയില് 23 കോടി രൂപ വകയിരുത്തി ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് ആരംഭിക്കും. ജില്ലയില്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ മേഖലയിലെ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 7.5 കോടി ചെലവില്‍ പൂര്‍ത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കെട്ടിടത്തില്‍ ലേബര്‍ റൂം, ഓപ്പറേഷന് തിയേറ്റര്‍, ആന്റി നേറ്റല്‍, പോസ്റ്റ് നേറ്റല്‍, പോസ്റ്റ് ഓപ്പറേറ്റീവ്, കുട്ടികളുടെ വാര്‍ഡ്, എന്‍.ബി.എസ്.യു ഗൈനക്ക് – കുട്ടികളുടെ ഒ.പി,ലിഫ്റ്റ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സപ്ലൈ, സെന്‍ട്രലൈസ്ഡ് സെക്ഷന്‍,82 കെ.വി ജനറേറ്റര്‍, ട്രാന്‍സ്ഫോമര്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉള്‍പ്പെടെ 1.45 കോടി ചെലവില്‍ പൂര്‍ത്തികരിച്ച 8 ഒ.പി മുറികളുടെയും മേല്ക്കൂരകളുടെയും പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 20 ലക്ഷം ചെലവില്‍ നവീകരിച്ച ലാബില്‍ ഉപകരണങ്ങള്‍ വയ്ക്കാനുള്ള ടേബിളുകള്‍ ഇലക്ട്രിക്കല്‍-പ്ലംബിംഗ് പ്രവൃത്തികള്‍, ആവശ്യമായ പാര്ട്ടീഷന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പി.പി യൂണിറ്റില്‍ കുത്തിവയ്പ്പ് മുറി, ഐ.എല്‍.ആര്, ഡീപ്പ്ഫ്രീസര്‍ സ്റ്റോര്‍ റുംസൗകര്യങ്ങളാണുള്ളത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സെയ്തലവി, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ആയിഷാബി, ഡോ. ഷിജിന് ജോണ്‍ ആളൂര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.