ചന്ദന കൃഷി തട്ടിപ്പ്:പ്രവാസികളടക്കം കോടികള്‍ നിക്ഷേപിച്ചത് യാഥാര്‍ത്ഥ്യമറിയാതെ
കല്‍പ്പറ്റ:അഞ്ചു സന്റെ് വാങ്ങി 15 ലക്ഷം മുടക്കി 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച ചന്ദന കൃഷി തട്ടിപ്പില്‍ പലരും നിക്ഷേപമിറക്കിയത് യാഥാര്‍ത്ഥ്യമറിയാതെ. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പേജുകളില്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ മറയൂര്‍ ചന്ദന ഫാക്ടറിക്ക് മുന്നില്‍ നില്‍കുന്ന ഫോട്ടോ അടക്കം ഉപയോഗിച്ചിരുന്നു. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവയല്ലാം നീക്കം ചെയ്തിട്ടുണ്ട്. നിക്ഷേപമിറക്കാന്‍ തയ്യാറായി വന്ന ചിലര്‍ക്ക് വനം വകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചന്ദന കൃഷി സംബന്ധിച്ച് വനം വകുപ്പിനെ ഔദ്യോഗികമായി പോലും അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. സ്ഥലം മേടിക്കുന്ന ആൾക്ക് 25 മുതൽ 35 ലക്ഷം വരെ തുക നൽകുകയും ഇവരെക്കൊണ്ട് 5 സെന്റിന് 12 ലക്ഷം മുതൽ 15 ലക്ഷം വരെ മേടിച്ച് തിരിച്ചു കൊടുക്കുകയും ആണ് ചെയ്യുന്നത്. കൂടാതെ ഈ സ്ഥലം ഉടമയാണ് ഓരോ ഫ്ലോട്ടുകളും വിൽപ്പന നടത്തുമ്പോൾ ആധാരം ചെയ്തുകൊടുക്കുന്നത്. സ്ഥലം മേടിക്കുന്ന വർക്ക് കമ്പനി നൽകുന്ന ഉറപ്പു മാത്രമേ കാണുകയുള്ളൂ. ചന്ദനം മുറിക്കാന്‍ 12 മുതല്‍ 15 വര്‍ഷം മാത്രമേ ആവശ്യമുള്ളുവെന്നാണ് പലരേയും പറഞ്ഞു വിശ്വസിപ്പിച്ചത്. അതേസമയം, 30 മുതല്‍40 വര്‍ഷം വരെയാണ് ചന്ദനത്തിനന്റെ പൂര്‍ണ വളര്‍ച്ചക്ക് ആവശ്യമെന്ന് വനം വകുപ്പ് തന്നെ കൃത്യമായി പറയുന്നുണ്ട്. പ്രവാസികളടക്കം നിരവധി മലയാളികള്‍ കോടികള്‍ നിക്ഷേപിച്ച പദ്ധതിയില്‍ വനം വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന കൃഷിയെന്ന് പറഞ്ഞാണ് പലരേയും ചേര്‍ത്തത്.ചന്ദനം കൃഷി ചെയ്യാമെന്നല്ലാതെ വനം വകുപ്പിന് മാത്രമേ പാകമായ ചന്ദനം മുറിക്കാനും വില്‍കാനുമുള്ള അവകാശമുള്ളൂ എന്ന കാര്യം പോലും മറച്ചു വച്ചാണ് പലരേയും പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്.ലഭിക്കുന്ന തുകയുടെ 10 ശതമാനം കഴിച്ച് ബാക്കിയാണ് ഭൂ ഉടമക്ക് കൈമാറുക. ഇതെല്ലാം മറച്ചുവച്ചാണ് 15 വര്‍ഷം കൊണ്ട് കോടികള്‍ കൊയ്യാമെന്ന മോഹന വാഗ്ദാനം നല്‍കി 10 ഇരട്ടി വിലക്ക് ഭൂമി വാങ്ങിച്ച് നിക്ഷേപകരെ കെണിയിലാക്കിയിരിക്കുന്നത്.വളര്‍ച്ചയെത്തിയ ചന്ദനം മുറിക്കാന്‍ ആവശ്യപ്പെട്ട് ഭൂ ഉടമ അപേക്ഷ നല്‍കിയാല്‍ വനം വകുപ്പ് നിയോഗിക്കുന്ന കമ്മീഷന്‍ പരിശോധിച്ച് പാകമായതെന്ന് ഉറപ്പ് വരുത്തിയ ശേഷം വനം വകുപ്പ്് തന്നെയാണ് മുറിക്കുകയും മറയൂരിലേക്ക് മാറ്റി ഉണക്കിയ ശേഷം ലേലത്തില്‍ വെക്കുകയും ചെയ്യുക. വനം വകുപ്പിന് മാത്രമല്ലേ ചന്ദനം മുറിക്കാന്‍ അവകാശമുള്ളൂ എന്ന് ചോദിച്ച ചില നിക്ഷേപകരോട് 15 വര്‍ഷം കഴിയുമ്പോള്‍ നിയമമൊക്കെ മാറുമെന്നും എല്ലാവര്‍ക്കും യഥേഷ്ടം ചന്ദനം മുറിക്കാന്‍ കഴിയുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. വയനാടിനന്റെ കാലാവസ്ഥയില്‍ ചന്ദനം കൃഷി അനുയോജ്യമാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് പദ്ധതി ആരംഭിച്ചതെന്ന കാര്യത്തിലും നിക്ഷേപകര്‍ ആശങ്കയിലാണ്. നിക്ഷേപത്തിന് തയ്യാറായ വിവിധ ജില്ലകളില്‍ നിന്നുള്ളവരെ സൗജന്യമായി ടൂറിസ്റ്റ് ബസുകളില്‍ വയനാട്ടിലെ കൃഷിയിടത്തിലെത്തിച്ചും വ്‌ലോഗര്‍മാരെ കൊണ്ട് ചന്ദന കൃഷിയുടെ ലാഭം വര്‍ണിച്ചും വെബിനാര്‍ നടത്തിയുമൊക്കെയാണ് പദ്ധതിയിലേക്ക് ആളെക്കൂട്ടിയത്. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്ക് ചന്ദന കൃഷിക്ക് വേണ്ടി ഭൂമി കൈമാറിയ ചിലരെ കൊണ്ട് തന്നെ അതേ ഭൂമിയില്‍ ചന്ദന തൈകള്‍ നട്ട ശേഷം 10 ഇരട്ടി വിലക്ക് പ്ലോട്ടുകള്‍ വാങ്ങിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചന്ദനകൃഷി വിവാദമായതോടെ തങ്ങളുടെ ലക്ഷങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട് വനം വകുപ്പും സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും