ലഹരിക്കടത്ത്:എംഎസ്എഫ് ചെക്ക് പോസ്റ്റ് പിക്കറ്റിങ് നടത്തി
തോൽപ്പെട്ടി: അതിർത്തി ചെക്ക്പോസ്റ്റുകളിൽ ലഹരി പരിശോധന കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് തോൽപ്പെട്ടി ബോർഡർ ചെക്ക് പോസ്റ്റ് പിക്കറ്റിങ് നടത്തി എം എസ് എഫ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുക്ക് തടയാനാവാത്തതിന്റെ പ്രധാന കാരണം അതിർത്തികളിലെ ചെക്കിങ് കാര്യക്ഷമമില്ലാത്തതാണെന്ന് ആരോപിച്ചാണ് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിക്കറ്റിങ് നടത്തിയത്. ആവശ്യത്തിന് അംഗബലമോ സൗകര്യങ്ങളോ ചെക്ക്പോസ്റ്റുകളിൽ ഇല്ല. കെ എസ് ആർ ടി സി ബസ്സുകളിലാണ് പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നത്. ബസ്സുകളിൽ വേണ്ടത്ര പരിശോധന നടത്തുന്നില്ല. സ്നിഫർ ഡോഗുകളുൾപ്പെടെ ചെക്ക്പോസ്റ്റുകളിൽ സംവിധാനങ്ങൾ വിപുലീകരിക്കണം എന്ന് എം എസ് എഫ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് യഹ്യാഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ്, ജന. സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അമീനുൽ മുക്താർ, വൈസ് പ്രസിഡന്റ് അജിനാസ് പുലിക്കാട്,ഫസൽ കാവുങ്ങൽ,റഈസ് വേങ്ങൂർ, നജാസ് നാഫിൽ തുടങ്ങിയവർ നേതൃത്വം നൽകി.