Event More NewsFeature NewsNewsPoliticsPopular NewsRecent News

അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരം; പങ്കെടുക്കുന്നവർക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്

തിരുവനന്തപുരം: വേതന വർധനവ് അടക്കം ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇന്ന് രാപകൽ സമരം ആരംഭിക്കാനിരിക്കെ, സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഓണറേറിയം നൽകേണ്ടതില്ലെന്ന ഉത്തരവുമായി വനിത ശിശു വികസന ഡയറക്‌ടർ. ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ജീവനക്കാർ സമരത്തിൽ ഏർപ്പെട്ടാലും കുട്ടികൾക്ക് ‘ഫീഡിംഗ് ഇന്റെറപ്ഷൻ’ ഉണ്ടാവാതിരിക്കാൻ അങ്കണവാടികൾ അടച്ചിടരുതെന്നും ഉത്തരവിലുണ്ട്. പ്രീ സ്കൂ‌ൾ വിദ്യാഭ്യാസം നിഷേധിക്കൽ ഭരണഘടനയിലെ ആർട്ടിക്കിൾ 45 ന്റെ ലംഘനമാണെന്നും ആയതിനാൽ പ്രീ സ്‌കൂൾ പഠനം നിലയ്ക്കുന്ന രീതിയിൽ സമരം ചെയ്യുകയാണെങ്കിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് സമാനമായി ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം ഇരിക്കുമെന്നാണ് അങ്കണവാടി ജീവനക്കാർ അറിയിച്ചിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു.

മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഉത്സവ ബത്ത 1,200 ൽ നിന്ന് 5000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *