ചൂരൽമല ടൌണിനെ വീണ്ടെടുക്കാൻ റി ഡിസൈൻ പദ്ധതി പ്രഖ്യാപനം ഹിഢൻ അജണ്ടയുടെ ഭാഗം; വയനാട് പ്രകൃതി സംരംക്ഷണ സമിതി
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല ടൌണിനെ വീണ്ടെടുക്കാനെന്ന പേരിൽ ദുരന്തമേഖലയിൽ തലങ്ങും വിലങ്ങും റോഡുകൾ നിർമ്മിക്കുന്നതിനുള്ള മന്ത്രി രാജൻ്റെ പ്രഖ്യാപനം ടൂറിസം ലോബിയെയും കരാറുകാരെയും സഹായിക്കാനുള്ള ഗൂഢനിക്കത്തിൻ്റെ ഭാഗമാണ്. കേന്ദ്ര സർക്കാർ ദുരന്ത പുനരധിവാസത്തിന് അനുവദിച്ച 120 കോടിയിൽ നിന്നും 48 കോടി ചിലവഴിച്ചാണ് മറ്റൊരു മഹാദുരന്തം കേരള സർക്കാർ വയനാടിന് സമ്മാനിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസം എങ്ങും എത്താതെ കൈയാലപ്പുറത്തിരിക്കുമ്പോൾ ഒരാവശ്യവുമില്ലാത്ത റോഡും പാലവും പുഴ വൃത്തിയാക്കലും ധൃതിപ്പെട്ട് കരാർ നൽകുന്നതിൽ ഭരണകക്ഷിയും പ്രതിപക്ഷവും സ്ഥലം എം എൽ എയും ഒറ്റക്കെട്ടാണ്. ജനപ്രതിനിധികൾ നിസ്സംഗത അഭിനയിച്ച് ഇരിപ്പാണ്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരി മട്ടത്തേയ്ക്ക് റോഡു വെട്ടുന്നത് കേരള സമൂഹത്തെയാകെ കൊഞ്ഞനം കുത്തുന്ന തീരുമാനമാണ്. വരുംവർഷങ്ങളിൽ കൂടുതൽ ദുരന്തങ്ങൾ അതു ക്ഷണിച്ചു വരുത്തും. ജനങ്ങൾ താമസ മൊഴിയുന്ന പ്രദേശമാണെങ്കിൽ പോലും കൃഷി പരിപാലനത്തിനും ഭൂമി സംരക്ഷിക്കുന്നതിനും റോഡ് ശ്രംഗല ആവശ്യമാണെന്ന മന്ത്രി രാജൻ്റെ കണ്ടെത്തൽ ശുദ്ധ അസംബന്ധമെന്നെതിനെക്കാൾ തത്പരകക്ഷികളെ സഹായിക്കുന്നതിനിള്ള വ്യഗ്രതയാണ് കാണിക്കുന്നത്. പുന്നപ്പുഴയിൽ അടിഞ്ഞ മണ്ണും പാറകളും മരങ്ങളും നീക്കം ചെയ്യുന്ന മണ്ടൻ പ്രവൃത്തി കരാറുകാരെയും ഉദ്വോഗസ്ഥരെയും സഹായിക്കാൻ മാത്രമെ ഉതകൂ. ലോകത്ത് ഒരിടത്തും ഉരുൾ പൊട്ടിയ പ്രദേശത്തെയും നദികളിലെയും അനേകലക്ഷം ക്യൂബിക്ക് മീറ്റർ വരുന്ന അവശിഷ്ടങ്ങൾ നീക്കാൻ കരാർ നൽകിയതായി കേട്ടുകേൾവിയില്ല. അത് അപ്രായോഗികമാണ്. മാത്രമല്ല ഇതിന്ന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പുഴകൾ അതിൻ്റെ ഗതിയും വഴിയും തെരഞ്ഞെടുത്ത് ക്രമേണ അതിൻ്റെ ആവാസ വ്യവസ്ഥ സൃഷ്ടിച്ചു കൊള്ളും. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയതും പരിസ്ഥിതി ദുർബലവുമായ പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുകയും അവരുടെ കൃഷിഭൂമികൾ ഏറ്റെടുക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്.കേന്ദ്രമനുവദിച്ച 120 കോടി ചെലവഴിക്കേണ്ടത് അതിന്നാണ്. പടവെട്ടിക്കുന്നു പ്രദേശത്തെ മുപ്പതോളം കടുംബങ്ങളുടെ മുറവിളി സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല. ദുരന്തത്തിന് ശേഷം സർക്കാർ നിശ്ചയിച്ച ജോൺ മത്തായി കമ്മറ്റിയുടെ ശുപാർശകൾ ഇരകൾക്ക് നീതി നൽകാത്തതും ടൂറിസം- ഘനന ലോബിയെ സഹായിക്കുന്നതും സർക്കാറിൻ്റെ ഗൂഡോദ്ദേശ്യം നിർവഹിക്കുന്നതുമാകയാൽ തളളിക്കളയണമെന്ന് അന്നുതന്നെ ദുരന്തബാധിതരും വിദഗ്ദരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത കമ്മറ്റിയുടെ മണ്ടൻ ശുപാർശകളാണ് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ലോകോത്തരമായ പുനരധിവസ പദ്ധതിയും ടൌൺഷിപ്പും ഉണ്ടാവുമെന്ന് മുഖ്യമന്തിയും റവന്യൂമന്ത്രിയും ഉദ്ഘോഷിച്ചിട്ട് 8 മാസം കഴിഞ്ഞിട്ടും പ്രഖ്യാപനത്തിൽ കവിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കുകയോ യോഗ്യതയുള്ളവരെ കണ്ടത്തുക പോലുമോ ചെയ്തിട്ടില്ല എന്നത് സർക്കാറിൻ്റെയും ജനപ്രതിനിധികളുടെയും മനോഭാവത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറും അതിൽ നിന്നുണ്ടാകുന്ന സാമ്പത്തിക ലാഭവും മാത്രമാണ് ഉദ്യോഗസ്ഥരുടെയും മറ്റും ഒരേ ഒരു ലക്ഷ്യം.മുണ്ടക്കൈ ദുരന്തത്തിൻ്റെ മുഖ്യ കാരണക്കാരായ ടൂറിസം ലോബിയെ വെള്ളപൂശുന്ന തിരക്കിലാണ് ഭരണ പ്രതിപക്ഷനേതാക്കളും മതമേലദ്ധ്യക്ഷന്മാരും , കപട കർഷകസംഘടനകളും. ദുരന്തത്തിന്ന് ഇരയായ ആയിരക്കണക്കിന് മനുഷ്യരുടെ ദുരിതം അവർ മറന്നു കഴിഞ്ഞു. ദുരന്തബാധിതർ തെരുവിലാണിപ്പോൾ. ദുരന്തത്തെ തുടർന്ന് ടൂറിസത്തിന് രണ്ടു മാസത്തോളം ചെറിയ തോതിൽ സ്വാഭാവികമായ ക്ഷീണമുണ്ടായപ്പോൾ ടൂറിസത്തിൻ്റെ ബ്രാൻ്റ് അമ്പാസിഡർമാരായി കളം നിറഞ്ഞാടിയ മന്ത്രി റിയാസും എം എൽ എ സിദ്ദിക്കും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോൾ പാവങ്ങളായ ഇരകളുടെ കാര്യത്തിൽ മഹാമൌനത്തിലാണ്. ഡിഡാസ്റ്റർ ടൂറിസത്തിൻ്റെ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കലാണ് ചൂരൽമല ടൌൺ റി ഡിസൈൻ പ്രൊജക്ട് .ഈ തീരുമാനത്തിനെതിരെ ബഹുജനങ്ങൾ പ്രതികരിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ.എം.ഗംഗാധരൻ ,തോമസ്സ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി , എ .വി .മനോജ്, പി.എം. സുരേഷ്, രാധാകൃഷ്ണലാൽ, സി.എ.ഗോപാലകൃഷ്ണൻ പ്രസംഗിച്ചു