ബിഎസ്പിയുടെ മതിൽ പൊളിച്ചു നീക്കി തുടങ്ങി
പടിഞ്ഞാറത്തറ : ടൗൺ വികസനത്തിനായി നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യമായിരുന്നബാണാസുരസാഗർ ജലസേചന പ്രൊജക്ട് ഓഫിസിന്റെ ചുറ്റുമതിൽ പൊളിക്കൽ തുടങ്ങി. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് തുടങ്ങുന്ന ടൗണിനോട് ചേർന്നുള്ള 100 മീറ്റർ ഭാഗം മതിൽ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇവിടെ റോഡിന് വീതി കുറയുകയും ദിനേന മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് പൊളിച്ചു നീക്കി റോഡിന് വീതി കൂട്ടുക എന്നുള്ളത് പടിഞ്ഞാറത്തറക്കാരുടെ വർഷങ്ങൾ ആയിട്ടുള്ള ആവശ്യമാണ്. കഴിഞ്ഞവർഷം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ബി എസ് പി യുടെ സബ്ഡിവിഷൻ ഓഫിസ് ഉദ്ഘാടനത്തിന് പടിഞ്ഞാറത്തറയിൽ എത്തിയപ്പോൾ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും വ്യാപാരികളും ഒന്നടങ്കം മന്ത്രിയെ ഈ ആവശ്യം അറിയിക്കുകയും മന്ത്രി മതിൽ നേരിട്ട് പരിശോധിച്ചു നാട്ടുകാരുടെ ആവശ്യം മനസ്സിലാക്കി മതിൽ പൊളിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുമ്പ് മന്ത്രി മതിൽ പൊളിക്കാൻ ഉത്തരവിട്ടെങ്കിലും ഇത് പൊളിക്കാൻ സാധിച്ചിരുന്നില്ല. മതിൽ പൊളിച്ചാൽ ആര് പുനർ നിർമിക്കും എന്നതിലുള്ള ആശങ്കയാണ് മതിൽ പൊളിക്കാൻ ഇത്രയും നീണ്ടു പോയത്. തുടർന്ന് കൽപറ്റ എംഎൽഎ.ടി സിദ്ദീക്കുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മതിൽ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ള ഫണ്ട് എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മതിൽ പൊളിക്കാൻ തീരുമാനമായത്. നിലവിൽ രാഹുൽ ഗാന്ധി എംപിയുടെ സിആർഎഫ് ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ചു പടിഞ്ഞാറത്തറ മുതൽ വെള്ളമുണ്ട വരെ 12 കിലോമീറ്റർ ഭാഗം ടാറിങ് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് വേണ്ടി 15 കോടി രൂപ അനുവദിക്കുകയും. ഇതിന്റെ പ്രവൃത്തി മതിൽ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വരെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മതിൽ പൊളിക്കൽ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തും ടാറിങ് പൂർത്തിയാകും. ഇതോടെ റോഡിന്റെയും പടിഞ്ഞാറത്തറ ടൗണിന്റെയും മുഖച്ഛായമാറുകയും ഗതാഗത തടസ്സം നീങ്ങുകയും ചെയ്യും എന്നുള്ള സന്തോഷത്തിലാണ് നാട്ടുകാർ. മതിൽ പൊളിക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ അഡ്വ.സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ബാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹ്മാൻ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ, മെമ്പർമാരായ റഷീദ് വാഴയിൽ, സാജിത നൗഷാദ്, പി എ ജോസ്. അനീഷ് , ബഷീർ ഈന്തൻ, റസീന ഹംസ, സജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹാരിസ് കണ്ടിയൻ. കെ സി ഉസ്മാൻ.പി കെ വർഗീസ്. പി ഓ പ്രദീപൻ മാസ്റ്റർ. സി.ഹാരിസ്. ജോണി നന്നാട്ട്. കെ വി വി ഇ എസ്. സെക്രട്ടറി നാസർ. തുടങ്ങിയവർ സംബന്ധിച്ചു