Event More NewsFeature NewsNewsPoliticsPopular News

അടിസ്ഥാന സൗകര്യങ്ങളില്ല, ഭൂസമരകേന്ദ്രങ്ങളില്‍ഗോത്രകുടുംബങ്ങള്‍ ദുരിതത്തില്‍

ബത്തേരി: സ്വന്തമായി ഒരു തുണ്ടു ഭൂമിയെന്ന സ്വപ്നം സാക്ഷാത്ക്കാരിക്കാന്‍ ഇറങ്ങിതിരിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഭൂസമര കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതമനുഭവിക്കുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് ഗോത്രകുടുംബങ്ങളാണ് ജില്ലയിലെ വിവിധ ഭൂസമര കേന്ദ്രങ്ങളില്‍ ദുരിതത്തില്‍ കഴിയുന്നത്. ഒന്നര പതിറ്റാണ്ടുമുമ്പ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റവന്യു, വനഭൂമികളിലായി നിരവധി കുടുംബങ്ങളാണ് കുടില്‍കെട്ടി താമസം ആരംഭിച്ചത്. ഇതില്‍ കുറച്ചു കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയും വീടും ലഭിച്ചു. എന്നാല്‍ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും ഇതുവരെ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കുടില്‍കെട്ടി താമസം ആരംഭിച്ച അന്നുമുതല്‍ ഈ കുടുംബങ്ങള്‍ ദുരിതം പേറുകയാണ്. വര്‍ഷക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തീര്‍ത്ത കുടിലുകളില്‍ ദുരിതജീവിതമാണ് ഇവര്‍ നിയിക്കുന്നത്. ഇതിനുപുറമെ കാട്ടാനയടക്കമുള്ള വന്യമൃഗശല്യം കൂടിയാകുമ്പോള്‍ ദുരിതം ഇരട്ടിക്കും. വേനല്‍ കാലങ്ങളില്‍ ശുദ്ധജലക്ഷാമവും ഇവരെ പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ കാഠിന്യം കൂടുതലായി അഭിമുഖീകരിക്കുന്നത് മീനങ്ങാടി കോട്ടക്കുന്നില്‍ നിന്ന് ചൂതുപാറ ഉന്നതിയില്‍ നിന്നെത്തി മൂന്നാനക്കുഴിയില്‍ വനമേഖലയില്‍ കുടില്‍കെട്ടി താമസിക്കുന്നവരാണ്. പണിയ വിഭാഗത്തില്‍പ്പെട്ട പതിമൂന്ന് കുടുംബങ്ങളാണ് മൂന്നാനക്കുഴിയില്‍ താമസിക്കുന്നത്. ശുദ്ധജലത്തിനായി ഈ കുടുംബങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഇവര്‍ താമസിക്കുന്നിടത്ത് നിന്ന് ഏറെ ദൂരം പോകണം കുടിവെള്ളം ശേഖരിക്കാന്‍. ഈ മേഖലയില്‍ ആകെയുള്ളത് ഒരു പഞ്ചായത്ത് കിണറാണ്. ഇതില്‍ നിന്ന് വെള്ളം കോരി വേണം എടുക്കാന്‍. കൂലിപണിക്ക് പോകുന്ന ഉന്നതിയിലെ ആളുകള്‍ കുടിവെള്ളമെടുക്കാന്‍ വേണ്ടി മണിക്കൂറുകളാണ് ചെലവഴിക്കുന്നത്. ഇത് കാരണം പലപ്പോഴും ജോലിക്കുപോകാനും സാധിക്കാത്ത അവസ്ഥയാണ്. കിണറില്‍ നിന്ന് ഉന്നതിയിലേക്ക് വെള്ളം പൈപ്പ് വഴി എത്തിച്ചാല്‍ ഇവരുടെ ഈ ദുരിതത്തിന് പരിഹാരമാകും. എന്നാല്‍ ഇതിന് അധികൃതര്‍ നടപടിയെടുക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *