മാര്‍ച്ച് മാസത്തെ ചിലവുകള്‍ക്ക് വേണ്ടത് 30000 കോടിയോളം രൂപ; പണമില്ലാതെ ട്രഷറി പ്രതിസന്ധിയില്‍.
തിരുവനന്തപുരം: നടപ്പു സാമ്ബത്തിക വർഷത്തിന്റെ അവസാനമായ മാർച്ചില്‍ വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാല്‍ പണമില്ലാത്തതിനാല്‍ ട്രഷറി കടുത്ത പ്രതിസന്ധിയിലാണ്.ശമ്ബളവും പെൻഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് ഇപ്പോള്‍ കൊടുക്കുന്നത്. മറ്റ് ബില്ലുകളൊന്നും മാറാതെ മുറുക്കിപ്പിടിച്ചാണ് ട്രഷറിയില്‍ നിന്നുള്ള പണം ചെലവഴിക്കല്‍. മാർച്ച് മാസത്തെ ചെലവുകള്‍ക്ക് മാത്രം 30000 കോടിയോളം രൂപ വേണ്ടിവരും. ഇതില്‍ 605 കോടി രൂപ ചൊവ്വാഴ്ച വായ്പയായെടുക്കും. കടമെടുപ്പ് പരിധിയില്‍ അവശേഷിക്കുന്ന തുകയാണിത്.ഇത് നിലവിലെ പ്രതിസന്ധിയില്‍ നേരിയ ആശ്വാസമാകുമെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. പ്രതിസന്ധി മറികടക്കുന്നതിന് യൂണിവേഴ്സിറ്റികള്‍, തദ്ദേശസ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടില്‍ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് ധനവകുപ്പ് ശ്രമം.ആദ്യത്തെ അഞ്ച് പ്രവൃത്തിദിനങ്ങളില്‍ ശമ്ബളവും പെൻഷനുംമാത്രം പാസാക്കിയാല്‍ മതിയെന്നത് അനൗദ്യോഗിക നിർദേശമാണ്. ഈ സമയപരിധി പൂർത്തിയായശേഷം പി.എഫ്, മെഡിക്കല്‍, പ്ലാൻ ചെലവുകള്‍ എന്നിവയുടെ ബില്ലുകള്‍ പരിഗണിക്കേണ്ടിവരും. മറ്റ് ബില്ലുകള്‍കൂടി പരിഗണിക്കുമ്ബോഴേ സാമ്ബത്തികസ്ഥിതിയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുവെന്നാണ് ട്രഷറിയില്‍ നിന്നുള്ള വിവരം. നിലവില്‍ 25 ലക്ഷമാണ് ട്രഷറിയിലെ പിൻവലിക്കല്‍ പരിധി. മതിയായ പണം ലഭിക്കാത്തപക്ഷം തിങ്കള്‍ മുതല്‍ ട്രഷറികളില്‍ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യത.ട്രഷറി അക്കൗണ്ടില്‍ പണം ഇല്ലാത്ത സാഹചര്യങ്ങളില്‍ റിസർവ് ബാങ്കില്‍ നിന്നുള്ള താല്‍ക്കാലിക സഹായമായ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും. 1670 കോടിയാണ് വെയ്സ് ആൻഡ് മീൻസ് പരിധി. ഇതിനുപുറമേ ഒരുവട്ടംകൂടി 1670 കോടിയെടുക്കാം. പക്ഷേ, രണ്ടാമതെടുത്തത് രണ്ടാഴ്ചക്കുള്ളില്‍ തിരിച്ചടയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ ട്രഷറി ഓവർഡ്രാഫ്റ്റിലാകുന്ന സ്ഥിതിയുണ്ടാകും. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ 5500 കോടികൂടി വായ്പയെടുക്കാൻ വഴിയൊരുങ്ങും. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയിലെത്തി ധനമന്ത്രി നിർമല സീതാരാമനെ നേരില്‍ കാണുന്നുണ്ട്.വയനാട് പുനരധിവാസത്തിന് അനുവദിച്ച ദീർഘകാല മൂലധന വായ്പയുടെ ചെലവഴിക്കല്‍ സമയപരിധിയില്‍ ഇളവ് തേടിയാണ് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കാണുന്നത്