വായ്പ ഉടൻ തിരിച്ചടച്ചില്ലെങ്കില്‍ കേസ് കൊടുക്കും’; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയ്ക്ക് ഭീഷണിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനം.
വായ്പ ഉടൻ തിരിച്ചടച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഭീഷണി.HDB ഫിനാൻസ് എന്ന സ്ഥാപനത്തില്‍ നിന്നും ചൂരല്‍മല സ്വദേശി രമ്യയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 70,000 രൂപയായിരുന്നു രമ്യ വായ്പയെടുത്തിരുന്നത്. അതില്‍ 17,000 രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്.ചൂരല്‍മല വില്ലേജ് റോഡിലാണ് രമ്യയുടെ വീട് ഉണ്ടായിരുന്നത്. എന്നാല്‍ ഉരുള്‍പ്പൊട്ടലില്‍ ഈ വീട് ഭാഗീകമായി തകർന്നിരുന്നു. പിന്നീട് ഇവർ കല്‍പ്പറ്റയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ചൂരല്‍മലയില്‍ തയ്യല്‍ കട നടത്തിയിരുന്ന രമ്യ ഇപ്പോള്‍ ബെയ്‌ലി എന്ന പേരില്‍ മുപ്പതോളം സ്ത്രീകള്‍ തുടങ്ങിയ സംരംഭമായ ബാഗുകള്‍ നിർമ്മിക്കുന്ന സ്ഥലത്താണ് ജോലി ചെയ്യുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ധനകാര്യ സ്ഥാപനത്തിന്‍റെ നിരന്തര ഭീഷണി.ഇടയ്ക്കിടെ വായ്പ തിരിയച്ചടവ് ഓർമ്മിപ്പിച്ചുകൊണ്ട് ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും 3000 കൂടി നല്‍കിയാല്‍ വായ്പാതിരിച്ചടവിന് ഇളവ് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും രമ്യ പറഞ്ഞു. താൻ ദുരിതബാധിതയാണെന്ന് അറിയിച്ചിട്ട് പോലും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിരുന്നില്ലെന്ന് രമ്യ കൂട്ടിച്ചേർത്തു. മന്ത്രി കെ രാജൻ ദുരിത ബാധ്യത മേഖലയില്‍ എത്തിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ദയില്‍ പെടുത്തിയിരുന്നുവെങ്കിലും കേന്ദ്ര ഇടപെടലാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്