പക്രന്തളം റോഡ് നവീകരണത്തിന് അഞ്ച് കോടി
മാനന്തവാടി: പക്രന്തളം റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു. വെള്ളമുണ്ട ഏഴേനാൽ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. ബിഎംബിസി നിലവാരത്തിലാകും പ്രവൃത്തി. മാനന്തവാടി മണ്ഡലത്തിലെ പ്രധാന പാതയാണിത്. വയനാടിനെ കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര, വടകര ഭാഗങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതും ആയിരക്കണക്കിന് യാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന റോഡുമാണ്. മന്ത്രി ഒ ആർ കേളുവിൻ്റെ ഇടപെടലിന്റെ ഭാഗമായാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ മാനന്തവാടി മണ്ഡലത്തിലെ പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള നൂറ് ശതമാനം റോഡുകളും ഉന്നതനിലവാരത്തിലാകും