വൈത്തിരി മാരിയമ്മൻ കോവിൽ ഉത്സവത്തിന് കൊടിയേറി
വൈത്തിരി: വൈത്തിരി സ്വയംഭൂ: മാരിയമ്മൻ കോവിൽ മഹോത്സവത്തിന് കൊടിയേറി. ഇന്നു രാവിലെ 5-30 ന് ഗണപതി ഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ പാതിരിശ്ശേരിമന ശ്രീകുമാരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്. കൊടിയേറ്റം, കലവറ നിറക്കൽ ചടങ്ങുകൾക്ക് ശേഷം പഴയ വൈത്തിരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കരകം എഴുന്നള്ളത്തും കലാപരിപാടികളും നടത്തും.
നാളെ രാവിലെ 8 മണിക്ക് ഭണ്ഡാരപൂജയും ഒൻപത് മണിയോടെ ഭക്തരുടെ പൊങ്കാല സമർപ്പണവും നടക്കും. ചാരിറ്റി നാല് സെൻ്റ് കോളനി ഭഗവതിത്തറയിൽ നിന്നും എത്തുന്ന ശൂലം കുത്തിവരവിനുശേഷം പ്രസാദ ഊട്ടും ഉണ്ടാവും. വൈകിട്ട് ആറ് മണിക്ക് വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന പ്രസിദ്ധമായ “മാവിളക്ക് ” താലപ്പൊലി, അമ്മൻ കുടം, ശിങ്കാരിമേളം, വടുവൻചാൽ അനന്ത കലാസമിതിയുടെ വീരനടനം എന്നിവയോടെ നഗരപ്രദക്ഷിണം നടത്തും. രാത്രി പത്ത് മണി മുതൽ തിരുവനന്തപുരം സുവർണ്ണ കലാക്ഷേത്രയുടെ ഡിജിറ്റൽ സിനിമാറ്റിക്ക് ഡ്രാമ ഉണ്ടാവും. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കനലാട്ടവും ശേഷം ഗുരുസിയും വൈകിട്ട് ആറ് മണിക്ക് കരകം ഒഴുക്കൽ ചടങ്ങും രാത്രി പത്തിന് ഗുളികൻ പൂജയോടെ ഉത്സവത്തിന് സമാപനം കുറിക്കും