Event More NewsFeature NewsNewsPopular News

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്.ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.വായ്പ എഴുതിത്തള്ളാൻ ഓഗസ്റ്റില്‍ ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്ബതുവായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിച്ചു. നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും വാർത്താക്കുറിപ്പില്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങള്‍ക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കണ്‍സ്യൂമർ- പേഴ്സണല്‍ വായ്പാ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നല്‍കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *