ജനകീയ ലഹരി വിരുദ്ധ ക്യാംപെയ്ൻ ആരംഭിക്കും: ജില്ലാ ആസൂത്രണ സമിതി യോഗം
കൽപറ്റ: ജില്ലയില്‍ ത്രിതല പഞ്ചായത്ത് തലത്തില്‍ ജനകീയ ലഹരി വിരുദ്ധ ക്യാപയ്ന്‍ ആരംഭിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ജില്ലാ ഭരണകൂടം, എക്‌സൈസ്-പോലീസ്-വിദ്യാഭ്യാസം-എസ്.സി, എസ്.ടി വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മത- സാംസ്‌കാരിക- യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, സമൂഹത്തിലെ എല്ലാ വിഭാഗം ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഊര്‍ജിത ലഹരി വിരുദ്ധ ക്യാംപെയ്ന്‍ സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ല അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കും. ലഹരി ബോധവൽക്കരണം മാത്രമല്ലാതെ വാര്‍ഡ്തലം മുതല്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും. ലഹരി വിമുക്ത കോളേജ്-സ്‌കൂള്‍ എന്ന ലക്ഷ്യത്തിനായി ലഹരി വ്യാപനത്തിനെതിരെ സ്‌കൂള്‍-കോളേജ് റെയ്ഡുകള്‍, ലഹരിക്കെതിരെ ബോധവൽക്കരണം, പരിശീലനം, ലഹരി കടത്തുകാരുടെ വിവര ശേഖരണം എന്നിവ ക്യാംപെയ്നിന്റെ ഭാഗമായി നടപ്പാക്കും. ലഹരിമുക്തി നേടിയവരുടെ നേതൃത്വത്തില്‍ ലഹരിയുടെ ദൂഷ്യഫലങ്ങള്‍, ലഹരി വസ്തുക്കള്‍ കൈവശം വച്ചാലുള്ള ശിക്ഷാ നടപടികള്‍ സംബന്ധിച്ച് ബോധവൽക്കരണം നല്‍കും. ലഹരി മുക്തി നേടുന്നവര്‍ക്ക്ക്യാംപെയ്ന്‍ മുഖേന സാമുഹിക പിന്തുണ ഉറപ്പാക്കും. 10 ദിവസത്തിനകം പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ പദ്ധതി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കലക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ഭേദഗതിയും ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് പദ്ധതികള്‍ക്ക് അംഗീകാരവും നല്‍കി. യോഗത്തില്‍ സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ജസ്റ്റിന്‍ ബേബി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധിമാരായ എച്ച്. ബി പ്രദീപ് മാസ്റ്റര്‍, എ.കെ റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പ്രസാദന്‍, ഡി.പി സി അംഗങ്ങള്‍, പഞ്ചായത്ത് അധ്യക്ഷര്‍, വകുപ്പ്തലഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു