വരൾച്ചാ ലഘൂകരണം-കാട്ടുതീ- മഴക്കാല മുന്നൊരുക്കം;അവലോകന യോഗം ചേർന്നു
കൽപറ്റ:വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടുതീ തടയല്‍ പ്രവര്‍ത്തനങ്ങള്‍, മഴക്കാല മുന്നൊരുക്കം എന്നിവ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
കുടിവെള്ള വിതരണത്തിനായി സജ്ജീകരിച്ച വാട്ടര്‍ കിയോസ്‌കുകള്‍ ഉപയോഗപ്രദമാണോ, അറ്റകുറ്റപണി ആവശ്യമാണെങ്കില്‍ പരിശോധിച്ച് കിയോസ്‌കുകള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ താൽക്കാലിക തണല്‍ കേന്ദ്രങ്ങള്‍ ഒരുക്കല്‍, സൂര്യാഘാതം സംബന്ധിച്ചുള്ള ബോധവൽക്കരണ ക്യാമ്പെയിന്‍, ജലസ്രോതസ് വൃത്തിയാക്കല്‍, കുടിവെള്ള ക്ഷാമ പരിഹാരത്തിന് കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ നിര്‍ദേശിച്ചു. വാട്ടര്‍ കിയോസ്‌ക്കുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന മുറയ്ക്ക് വെള്ളം നിറയ്ക്കാനുള്ള നടപടി സ്വീകരിക്കാനും വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് കരുതല്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. അങ്കണവാടികളിലെത്തുന്ന കുട്ടികളെ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതെ ശ്രദ്ധിക്കണം.
കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടാല്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ സേവനം ഉറപ്പാക്കാന്‍ യോഗം ആവശ്യപ്പെട്ടു. കാട്ടുതീ പടരുന്നതിന് മുമ്പേ വിവരം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിനായി ലഘു പ്രചാരണ പത്രിക മുഖേന ടോള്‍ ഫ്രീ നമ്പറുകള്‍ പ്രദേശവാസികളിലേക്ക് എത്തിക്കണം. ഉന്നതികളിലെ ഹാന്‍ഡ് പമ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
ജില്ലയിൽ 2024 -ല്‍ ലഭ്യമായ മഴയുടെ അളവ് പ്രകാരം ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ ഉള്‍പ്പെടുന്ന നൂല്‍പുഴ, തിരുനെല്ലി, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചാ ബാധിത മേഖലകള്‍ക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മേഖലയിൽ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കാൻ വിവിധ വകുപ്പുകൾ നടപടികള്‍ സ്വീകരിക്കാനും വന്യജീവി ആക്രമണം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിയന്തര യോഗങ്ങള്‍ ചേരാനും യോഗം നിർദേശിച്ചു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈദ്യുതി വകുപ്പ് അടിയന്തര ഘട്ടങ്ങളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് ഉറപ്പാക്കാൻ യോഗത്തിൽ കലക്ടര്‍ നിര്‍ദേശിച്ചു. വേനല്‍ കനക്കുന്നതിനാൽ പൊതു ഇടങ്ങളിൽ കുടിവെള്ളവും തണലിടങ്ങളും ഉറപ്പാക്കണം. തടാകങ്ങൾ, തണ്ണീര്‍ത്തടങ്ങൾ വൃത്തിയാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. ഉന്നതികളില്‍ താമസിക്കുന്നവർക്ക് ദുരന്ത സാധ്യത മുന്നറിയിപ്പ് എത്തിക്കാൻ റേഡിയോ സെറ്റുകള്‍ വിതരണം ചെയ്യും. മഴക്കാലങ്ങളില്‍ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ലിസ്റ്റ് ചെയ്യാൻ പ്രത്യേക ടീം രൂപീകരിക്കണമെന്നും ആളുകളെ ഒഴിപ്പിക്കൽ, മാറ്റിപ്പാര്‍പ്പിക്കൽ നടപടികള്‍ പഞ്ചായത്ത് വകുപ്പ് സ്വീകരിക്കണം. അപകട ഭീഷണിയായ മരങ്ങള്‍ മഴക്കാലത്തിന് മുന്‍പ് മുറിച്ച് മാറ്റി ശിഖരങ്ങള്‍ കോതി ഒതുക്കണം. മഴക്കാലത്ത് മഴവെള്ള സംഭരണം കൃത്യമായി നടപ്പിലാക്കി വരൾച്ചാ സമയത്ത് ജലക്ഷാമത്തിന് ഗുണകരമാക്കാന്‍ എല്ലാ വകുപ്പുകളും മുന്‍കൈ എടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഉഷ്ണ കാലഘട്ടത്തില്‍ വിവധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് എല്‍.എസ്.ജി.ഡി. എം പ്ലാന്‍ കോ-ഓര്‍ഡിനേറ്ററും മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് ഹസാര്‍ഡ് അനലിസ്റ്റും സെഷനുകള്‍ അവതരിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.