വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വാടക പ്രശ്നം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വാടക പ്രശ്നം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ യോഗം ചേരും. പാലം പണി എപ്പോൾ പൂർത്തിയാകും എന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ പുനരധിവാസത്തിനുള്ള ഭൂമി 15 ദിവസത്തിനകം ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ബാധ്യതയുള്ള ഒരു ഭൂമിയും ഏറ്റെടുക്കില്ല. 1000 രൂപയുടെ സപ്ലൈകോ കാർഡ് മാസം തോറും ദുരന്തബാധിതർക്ക് നൽകും. പുനരധിവാസത്തിന് വേഗത കുറഞ്ഞോ എന്ന ആശങ്ക അസ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
വിലങ്ങാട് വീടും സ്ഥലവും നഷ്ടമായി വാടക വീട്ടിലേക്ക് മാറിയവർക്ക് സർക്കാർ നൽകുന്ന വാടക തുക മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവുമെല്ലാം പൂർണമായും നഷ്ടമായ നിരവധി കുടുംബങ്ങളാണുള്ളത്. അവർക്കായി ഒരു പ്രത്യേക പാക്കേജും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വാടക കിട്ടാത്തതിനെ തുടർന്ന് പലരും വീട്ടിലേക്ക് തിരിച്ചെത്തി. സാങ്കേതിക കാര്യം പറഞ്ഞ് വാടക നിഷേധിക്കുന്നതായും പരാതിയുണ്ട്.
വിലങ്ങാട് 12 വീടുകളാണ് പൂർണമായും തകർന്നത്. 35 വീടുകൾ വാസയോഗ്യമല്ലാതായി. വയനാടിന് നൽകുന്ന എല്ലാ സഹായവും വിലങ്ങാടിനും നൽകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ അതും പ്രഖ്യാപനം മാത്രമായി നിൽക്കുകയാണ്.