രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് പിവി അൻവർ. ഇതുവരെ പിന്തുണ നൽകിയ പൊതുസമൂഹത്തിന് അൻവർ നന്ദി അറിയിച്ചു. നിലമ്പൂരിലെ ജനങ്ങൾക്കും വോട്ടർമാർക്കും നിയമസഭയിൽ എത്തിച്ച ഇടതുപക്ഷ നേതാങ്ങൾക്കും നന്ദിയുണ്ടെന്ന് അൻവർ പറഞ്ഞു. കഴിഞ്ഞ 11ന് (ശനിയാഴ്) രാജിക്കത്ത് ഇ-മെയിൽ വഴി കൈമാറിയതാണ്. എന്നാൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകണമെന്ന നിയമപ്രകാരമാണ് സ്‌പീക്കറെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറിയതെന്നും അൻവർ ചൂണ്ടിക്കാട്ടി.
കൊൽക്കത്തയിലേക്ക് പോകുമ്പോൾ രാജിക്കാര്യം മനസിലുണ്ടായിരുന്നില്ല. അവിടെയെത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വീഡിയോ കോൺഫറൻസ് വഴി കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷമാളുകളും വന്യജീവി ആക്രമണം നേരിടുന്നവരാണ്. ഇന്ത്യയിലെ വലിയൊരു വിഭാഗമാളുകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ടു. കേരളത്തിലെ വന്യജീവി പ്രശ്നം പാർലമെൻ്റിൽ ഉന്നയിക്കാമെന്ന് തൃണമൂൽ നേതാക്കൾ ഉറപ്പുനൽകി. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നുപ്രവർത്തിക്കാൻ മമത നിർദേശിച്ചു. ബംഗാൾ മുഖ്യമന്ത്രിയാണ് തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. ഇതിൻ്റെ ഭാഗമായി നിലമ്പൂരിലെ നേതാക്കളോടും പ്രവർത്തകരോടും ഇക്കാര്യം ആലോചിച്ചതിന് ശേഷമാണ് രാജി.
സ്വർണക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ താൻ പൊതുസമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. ഇനി തന്റെ പോരാട്ടത്തിൻ്റെ അടുത്ത ഘട്ടമാണ് ഇവിടെ ആരംഭിക്കുന്നത്. മലയോര വനമേഖലയിലെ ജനങ്ങൾക്കായാണ് ഇനിയുള്ള പോരാട്ടമെന്ന് അൻവർ പറഞ്ഞു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് അൻവറിന്റെ രാജി.