Feature NewsNewsPopular NewsRecent Newsകേരളം

നിയമം ലംഘിച്ചാൽ ലൈസൻസിൽ ബ്ലാക്ക് മാർക്ക് വീഴും

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ ലൈസൻസില്‍ ഇനി ‘ബ്ലാക്ക് മാർക്ക്’ വീഴും. ആറ് തവണ നിയമം ലംഘിച്ചാല്‍ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും. ഇതിനുള്ള പ്രാരംഭചർച്ചകള്‍ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡിജിറ്റല്‍ ലൈസൻസാണ് ഇപ്പോള്‍ സംസ്ഥാനത്ത് നല്‍കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാകുമെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുതുതായി ലൈസൻസ് എടുക്കുന്നവർക്ക് രണ്ടുവർഷം ‘പ്രൊബേഷൻ’ പീരിയഡ് നല്‍കാനും ആലോചനയുണ്ട്. ഡ്രൈവിങ് പഠിച്ച്‌ ആദ്യ ഒരുവർഷം അവർ ഓടിക്കുന്ന വാഹനത്തില്‍ ‘പി-1’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. രണ്ടാംവർഷം വാഹനത്തില്‍ ‘പി-2’ എന്ന സ്റ്റിക്കറും. മറ്റു ഡ്രൈവർമാർക്ക് സ്റ്റിക്കർ കണ്ട്, വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് പരിചയം മനസ്സിലാക്കാനാണിത്. പ്രൊബേഷൻ പീരിയഡില്‍ 10 തവണ ഗതാഗതനിയമംലംഘിച്ചാല്‍ ലൈസൻസ് റദ്ദാക്കപ്പെടും. വാഹനം ഓടിച്ച്‌ പഠിക്കുമ്പോള്‍ നിയമലംഘന സാധ്യത കൂടുതലാണ്. അതിനാലാണ് 10 തവണവരെ ഇളവ്. ആദ്യം മുന്നറിയിപ്പ് നല്‍കും. പിന്നീടാണ് നടപടി. വാഹനം ഓടിക്കുന്നതില്‍ ശ്രദ്ധയും അച്ചടക്കവും ഇല്ലാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഇതിന് പരിഹാരം കാണാനാണ് പുതിയ പദ്ധതികളെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കേരളത്തില്‍ ലൈസൻസ് കിട്ടാത്തവർ തമിഴ്നാട്ടിലും കർണാടകയിലും പോയി ലൈസൻസ് എടുക്കുന്ന രീതി കൂടിയിട്ടുണ്ട്. ലൈസൻസ് കൊടുക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്ന് അതിർത്തി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *