പള്ളിക്കുന്ന് തിരുനാളിന് ഒരുക്കങ്ങൾ ആരംഭിച്ചു
കൽപറ്റ: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 117 -ാം വാർഷിക തിരുനാൾ ഫെബ്രുവരി 2 മുതൽ 18 വരെ ആഘോഷിക്കും. 1908-ല്‍ ഫ്രഞ്ച് മിഷനറി റവ. ഫാ. ആർമെണ്ട് ഷാങ്മാരി ജെഫ്രിനോ സ്ഥാപിച്ച ദേവാലയത്തിലെ പതിനായിരങ്ങൾ വണങ്ങുന്ന മാതാവിൻ്റെ തിരുസ്വരൂപം അദ്ദേഹം ഫ്രാൻസിൽ നിന്നു കൊണ്ടുവന്നതാണ്. മുൻ വർഷത്തിലേക്കാൾ പൂർവാധികം ഒരുക്കങ്ങളോടെയും, ചടങ്ങുകളോടെയും, സൗകര്യങ്ങൾ ഒരുക്കിയും തിരുനാൾ ആഘോഷം കൊണ്ടാടുവാൻ ഇടവക വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങര, സഹ വികാരി റവ. ഫാ. നോബിൻ രാമച്ചംകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വിനു ക്ലമൻ്റ്, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ , ഇടവക അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം സബ് കമ്മിറ്റികളും 201 അംഗ ആഘോഷ കമ്മിറ്റിയും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് രൂപത മെത്രാൻ വർഗീസ് ചക്കാലക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ ആറോളം രൂപതകളിലെ മെത്രാന്മാർ തിരുനാളിന്റെ വിവിധ ദിവസങ്ങളിലെ ദിവ്യബലികൾക്ക് നേതൃത്വം നൽകും. മഹാ ജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാൻ ബസലിക്കയിൽ എന്നപോലെ ഈ തീർഥാടന കേന്ദ്രം സന്ദർശിച്ച് കുമ്പസാരിച്ച് മാർപാപ്പയുടെ നിയോഗത്തിനു വേണ്ടി പ്രാർഥിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ റവ. ഡോ. അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിൽ രോഗശാന്തി ശുശ്രൂഷയും വിമോചന പ്രാർഥനയും നടത്തും. തിരുനാൾ പ്രധാന ദിവസങ്ങളിൽ കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസ് നടത്തുന്നതായിരിക്കും . പാപ സങ്കീർത്തനത്തിനും വഴിപാടുകൾക്കുമുള്ള സൗകര്യങ്ങൾ തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും