നത്തംകുനി ഈട്ടിമുറി; 37.27 ലക്ഷം പിഴ അടയ്ക്കാന്‍ നോട്ടീസ്
കല്‍പ്പറ്റ: റവന്യു പട്ടയഭൂമിയിലെ അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി(കെഎല്‍സി) നിയമപ്രകാരം ജില്ലയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ 37,27,416 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ്. തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറിലല്‍പ്പെട്ട 0.1821 ഹെക്ടര്‍ ഭൂമിയില്‍നിന്നു 500ല്‍ അധികം വര്‍ഷം പഴക്കമുള്ള ഈട്ട് മുറിച്ച കേസിലാണ് ഭൂവുടമയ്ക്ക് വൈത്തിരി തഹസില്‍ദാര്‍ നോട്ടീസ് അയച്ചത്. കോഴിക്കോട് കൊയിലാണ്ടി കാരക്കാട് അരീക്കര സുഹറയ്‌ക്കെതിരേയാണ് നോട്ടീസ്. നത്തംകുനിയില്‍ നടന്ന അനധികൃത ഈട്ടിമുറി വിവാദമായതിനെത്തുടര്‍ന്നാണ് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ, മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി പുറത്തുവന്നത്.2020 ഡിസംബറിലാണ് നത്തംകുനിയില്‍ അനധികൃത ഈട്ടിമുറി നടന്നത്. ഇതേക്കുറിച്ച് അറിഞ്ഞ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ ഡിസംബര്‍ 31ന് സ്ഥലത്ത് എത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലുംസുഹറയുടെ ഭര്‍ത്താവ് ഷെരീഫിന്റെ നേതൃത്വത്തില്‍ മരംമുറി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് 2021ജനുവരി 11ന് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തു. ജനുവരി 17ന് തടികള്‍ റവന്യു അധികാരികള്‍ കസ്റ്റഡിയിലെടുത്തു.മരം മുറിയുമായി ബന്ധപ്പെട്ട് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനില്‍ ഒ ആര്‍ 3/2021 നമ്പറായി വനം വകുപ്പ് കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് മേപ്പാടി പോലീസ് 296/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മുറിച്ച ഈട്ടിക്ക് 12,42,472 രൂപ വനം വകുപ്പ് വില കണക്കാക്കിയിരുന്നു. കെഎല്‍സി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയാണ് പിഴ നിശ്ചയിച്ചത്.കൈവശ ഭൂമിയിലെ ഈട്ടി മുറിക്കാന്‍ ഭൂവുടമ 2020 ജൂലൈ ഒമ്പതിന് നല്‍കിയ അപേക്ഷ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുഹറയുടെ ഭര്‍ത്താവ് ഷെരീഫ് ജില്ലാ കളക്ടര്‍, റവന്യു സെക്രട്ടറി എന്നിവര്‍ക്ക് അപേക്ഷ നല്‍കി. റവന്യു സെക്രട്ടറി തീരുമാനമെടുക്കുന്നതിന് അപേക്ഷ ഘ3138/2020 നമ്പറായി ഡിസംബര്‍ ഒമ്പതിന് ജില്ലാ കളക്ടര്‍ക്ക് വിട്ടിരുന്നു. ഇക്കാര്യം ഷെരീഫ് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നുണ്ട്.റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഈ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് മനസിലാക്കിയാണ് മരം മുറിച്ചതെന്നും ബോധപൂര്‍വം സര്‍ക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും കെഎല്‍സി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും ഷെരീഫ് 2021 ജൂണ്‍ 29ന് വൈത്തിരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.2020 ഒക്ടോബര്‍ 24ലെ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരും അടക്കം 65 പേരുടെ പട്ടയ ഭൂമികളിലാണ് ഈട്ടിമുറി നടന്നത്. ആകെ 104 കുറ്റി ഈട്ടിയാണ് മുറിച്ചത്. ഈ മരങ്ങളില്‍ കുറെ എണ്ണത്തിനു 300 മുതല്‍ 500ല്‍ അധികം വരെ വര്‍ഷം പഴക്കമാണ് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്.മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മരം മുറിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2023 ഡിസംബര്‍ നാലിനു സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക പോലീസ് സംഘം അന്വേഷിച്ചത്. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുകയാണ്